Thursday, 24 March 2011

പ്രവാസികളെ ബുദ്ധിജീവികള്‍ കാണുന്ന വിധം.

ഈയിടെ ഫേസ്ബുക്കില്‍ “ആടുജീവിത”ത്തെക്കുറിച്ചും പ്രവാസികളെക്കുറിച്ചും, പ്രമുഖ സാഹിത്യകാരനായ ശ്രീ. കെ.പി. നിര്‍മ്മല്‍ കുമാറിന്റെ  നേതൃത്വത്തില്‍ ചൂടു പിടിച്ച ചര്‍ച്ച നടക്കുകയുണ്ടായി. അതില്‍ ശ്രീ.ഒ.കെ. സുദേഷ് എന്ന ബുദ്ധിജീവിയുടെ പ്രതികരണങ്ങള്‍ കേരളീയ ജന സാമാന്യത്തിന്റെ പ്രവാസികളെ പറ്റിയുള്ള ധാരണ എന്താണ് എന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു. ചില പ്രസക്ത ഭാഗങ്ങള്‍:

Ok Sudesh
സ്വന്തം നാട്ടില്‍ തന്നെനിന്ന് കപട മാന്യത കളഞ്ഞ് ഉള്ള തൊഴില്‍ ചെയ്തോ (തേങ്ങ ഇടാൻ പഠിച്ചോ വല്ല ധനികന്റെ പറമ്പില്‍ കിളയ്ക്കാന്‍ പോയി കൂലി വാങ്ങിച്ചോ) വല്ല സര്‍വ്വത്ത് കച്ചവടമെങ്കിലും ചെയ്തോ ജീവിതം പയ്യെപ്പയ്യെ കരുപ്പിടിപ്പിയ്ക്കേണ്ടതിന് പകരം വല്ലവന്റേ...യും നാട്ടിലും വടക്കോല്‍ത്തും പോയി അവന്റെ കുണ്ട കോരി 'ജീവിതം' വല്ലാണ്ടങ്ങനുഭവിച്ച്, പിന്നെ ന്യേവലും എഴുതി അതിന് എവോര്‍ഡും വാങ്ങി ... പിന്നേം നായ മുമ്പോട്ട്, അല്ലേ? കൊള്ളാം പ്രവാസജീവിതം. പ്രവാസം എന്ന വാക്കാണ് മലയാളത്തിൽ നിരോധിയ്ക്കേണ്ടത്, പുരസ്കാരം കൊടുക്കല്‍ എന്ന വിദ്യ കുറ്റകൃത്യമായി പ്രഖ്യാപിയ്ക്കുന്നതിനു മുമ്പേ ....“
 
“നെഞ്ചെരിച്ചില്‍ തോന്നിയാല്‍ എനിയ്ക്കൊന്നും ചെയ്യാനാവില്ല. പക്ഷെ ഞാന്‍, പറഞ്ഞിടത്ത് തന്നെ നില്ക്കും. സാഹിത്യത്തെ കുറിച്ചും കലയെ കുറിച്ചും സാമാന്യബോധമുള്ളവരും എന്റെ കൂടെ നില്ക്കും. ദയനീയ ജീവിതങ്ങള്‍ക്കുള്ള കഞ്ഞിവീഴ്ത്തല്ല കലയും സാഹിത്യവും. അതങ്ങിനെയാ...ണെന്ന് തോന്നാന്‍ കാരണം ആഴത്തില്‍ മുഴുകിയ മധ്യവര്‍ഗ്ഗജീവിത കാമനയാണ്. അവര്‍ക്ക് ചികിത്സ കാശാണ്, അര്‍ത്ഥമില്ലാത്ത കാശ്, ഗള്‍ഫ് കാശ് പോലുള്ള അനര്‍ത്ഥം പിടിച്ച കാശ് --കലയും സാഹിത്യവുമല്ല. മനസ്സിലായില്ലേ? കുറച്ചൊന്നുമല്ല, അസാമാന്യ ധാര്‍ഷ്ട്യം കലര്‍ന്നുതന്നെയാണ് ഈ കുറിപ്പിടുന്നത്. 'ആടുജീവിതവും' കമലിന്റെ ആ ചെളുക്ക സിനിമയുണ്ടല്ലോ, കുദ്ദാമ, ഈ രണ്ടുസാധനവും ഒരു ജനത എന്ന നിലയിലെ നമ്മെ ചളിയില്‍ മുക്കിക്കൊല്ലുന്ന ഘോരകൃത്യങ്ങളാണ്. ജീവിതാനുഭവം എന്ന് പറഞ്ഞ് ഞെളിയാന്‍ ഇത് അപൂര്‍വ്വത്തിലപൂര്‍വ്വം ജീവിത-സാമാനമാണ്. ഇതൊന്നും വെച്ച് വണ്ണത്തില്‍ കരയാന്‍ പ്രേരിപ്പിയ്ക്കരുത്. കാശുണ്ടാക്കാന്‍ അറബിനാട്ടില്‍ പോയതല്ലെ? വിധിവൈപരീത്യവും കൈയ്യിലിരുപ്പും കാരണം കിട്ടിയതൊ വല്ലാത്തതായിപ്പോയി. അതു സാഹിത്യമാക്കിയും സിനിമയാക്കിയും പകരം വീട്ടുന്നുവോ കലാഹൃദയസ് പൃക്കന്മാരേ? വെറുതെ കാശുണ്ടാക്കിയാല്‍ പോരെ. അതൊന്നുമല്ല ഈ ദുരാഗ്രഹികളുടെ ആഗ്രഹം. 12 മണിക്കൂറ് തുടര്‍ച്ചയായി ജോലി ചെയ്യിപ്പിച്ചാല്‍ ഈ അസുഖം തീരുമായിരുന്നു. അങ്ങിനെയാവാഞ്ഞതു കൊണ്ട് സാഹിത്യത്തിനാണ് സഹിക്കെണ്ടി വന്നത്. ജോലിയൊഴിഞ്ഞ സമയമത്രയും മൃദുസാഹിത്യം വായിച്ച് കുറച്ച് കോണ്ട്രിബ്യൂട്ട് ചെയ്യാം എന്ന് തോന്നിവശായിപ്പോയി. ആ ദുര്‍വിധിയാണ് 'ആടുജീവിതം'. ഇവരുടെ കഴപ്പം മഹത്തായ സാഹിത്യം ഇവര്‍ വായിച്ചിട്ടില്ല എന്നതാണ്. അതിനെ ഒളിച്ചുവെയ്ക്കാന്‍ ഉലയ്ക്ക പുഴുങ്ങിയ ജീവിതകഥനവും കൊണ്ട് ആളെ കരയിപ്പിയ്ക്കാന്‍ ഇറങ്ങിയിരിയ്ക്കുന്നു. വല്ലാണ്ടങ്ങ് പറയാന്‍ മോഹിപ്പിയ്ക്കരുത്!“
 കുറച്ചനുഭവം ഉണ്ടാക്കിയാല്‍ ഉടനെ പോയി സാഹിത്യം പടയ്ക്കാമെന്ന ദുരാഗ്രഹമരുത്. ഗള്‍ഫ്-മലയാളികള്‍ക്ക് മിച്ച-സമയം കൂടുതലാവുന്നത് കൊണ്ടാണ് സാഹി...ത്യത്തിലേയ്ക്ക് ചേക്കേറേണ്ടിവരുന്നത്. അതിന് നല്ലൊരു ചികിത്സ കൂടുതല്‍ പണിയെടുപ്പിയ്ക്കുന്നതാവും എന്നെനിയ്ക്ക് തോന്നുന്നു. ദ്രോഹപരമായി ചിന്തിയ്ക്കുകയല്ല. അറബികള്‍ക്കെ അങ്ങിനെ തോന്നാത്തത് കൊണ്ട് മലയാളസാഹിത്യം വെട്ടേറ്റ് കിടക്കുന്നു. എന്തോരം കുസാഹിത്യമാണ് ഇവർ പടയ്ക്കുന്നത്. ബ്ലോഗ് എഴുതിയെഴുതി ഇപ്പോള്‍ കോംപിറ്റന്റ് എഴുത്തുകാരെ പോലെയാണ് നടപ്പും ഇരിപ്പും മുഖംപിടിയ്ക്കലും ഭാഷണവും.
 
തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.) എന്ന സ്ഥാപനത്തില്‍ ഡോ. എസ്. രാജന്‍ എന്നു പേരുള്ള ഒരു അസോഷിയേറ്റ് ഫെലോ ഉണ്ട്. അദ്ദേഹം ‘മലയാളി ഗള്‍ഫ് മൈഗ്രേഷന്‍’ പഠനങ്ങളില്‍ അറിയപ്പെടുന്ന വിദഗ്ദനാണ്. ഇത്രയും ‘ഗ്ലു’ തരാം. ബാക്കി ‘ഗ്ലുഗ്ലു’ ചെയ്ത് കണ്ടുപിടിയ്ക്കൂ. അദ്ദേഹം ‘gulf wives’ എന്ന വിഷയത്തില്‍ എന്തൊക്കെ കണ്ടെത്തിയിട്ടുണ്ട്, പറഞ്ഞിട്ടുണ്ട് എന്നൊന്ന് തിരക്കുക. ങ്ഹാ, ‘ഗള്‍ഫ് ഭാര്യമാര്‍’ എന്നൊരു വിഷയം തന്നെ ലോകത്ത് ഉണ്ടെന്ന് അറിഞ്ഞിട്ടുവേണ്ടേ, അല്ലേ?
പ്രവാസിയെ കുറിച്ച് എനിയ്ക്കൊരു ചുക്കുമില്ല. അവന്‍ ആ ലേബലില്‍ എഴുതിയാല്‍, കേരളത്തിലെ സമ്പദ് വ്യവസ്ഥയിൽ മണിയോര്‍ഡര്‍ എക്കോണമിയ്ക്കുള്ള പ്രാമാണ്യത എന്നപോലെ, മലയാള സാഹിത്യവേദിയിൽ ഉന്നതസ്ഥാനത്തിനർഹമാണ് എന്ന് ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതാണ് എന്നെ പ്രയാസപെടുത്തുന്നത്. പ്രവാസിയെന്ന വാക്കു തന്നെ ഈ എക്കോണമിക് റെഫ്യൂജികള്‍ക്ക് വേണ്ടി ഉപയോഗിയ്ക്കുന്നിടത്ത് അലമ്പുണ്ട്. നിങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളാലോ മറ്റ് സാംസ്ക്കാരിക കാരണങ്ങളാലോ സ്വന്തം നാട്ടില്‍ നിന്ന് മാറിനില്ക്കേണ്ടി വരികയും നാട്ടിലേയ്ക്ക് മടങ്ങാന്‍ അടങ്ങാത്ത പ്രേരണയുണ്ടാവുകയും എന്നാല്‍ അതിന് ഒരു വഴിയില്ലാതെ വിരഹമുണ്ടാകുകയും ചെയ്യുന്നവരെയാണ് യഥാർത്ഥത്തില്‍ പ്രവാസി എന്ന് വിളിയ്ക്കേണ്ടത്. ഇവിടെ അതൊന്നുമില്ല. കാശുണ്ടാക്കാം എന്ന ലാഭചിന്തയാല്‍ ആരാന്റെ വിഴുപ്പലക്കാന്‍ പോകുന്നു. കൊല്ലം തോറും നാട്ടില്‍ വരുന്നു. വേണമെങ്കില്‍ നാട്ടില്‍ നില്ക്കാം. എന്നാല്‍ നില്ക്കുന്നില്ല. അവിടത്തെ കാശിന്റെ ചിന്തയും എ.സി.യും അങ്ങോട്ട് വലിയ്ക്കുന്നു. എന്നിട്ട് അവന്‍ അടിച്ചേല്‍പ്പിയ്ക്കുന്ന അടിമത്തം മൂക്കുമുട്ടെ അനുഭവിയ്ക്കുന്നു. അവിടെ പൌരത്വം കിട്ടുകയില്ല. അവിടേയും കമ്മ്യൂണിസം പറഞ്ഞ് കച്ചറ കലപില കൂടും. അതിന്റെ ഖിന്നത തീര്‍ക്കാനും പിന്നേയും കാശും എവോര്‍ഡും ഖ്യാതിയും മേല്ക്ക്മേല്‍ പ്രതികാരം തീര്‍ക്കാനെന്നൊണം ഉണ്ടാക്കുവാനും ഓരോ കൃതിപടപ്പുകള്‍ അടിച്ച് വിടുന്നു. അതുപോലുള്ളതാണ് 'ആടുജീവിത'വും 'ഗദ്ദാമ'യും. ഈ പൊട്ടന്മാന്‍ അനുഭവവിവരണം ഹൃദ്യമായി നടത്തിയാൽ സാഹിത്യമായി എന്ന് ധരിയ്ക്കുന്നവരാണ്. പഴയ 'അശ്വമേധം' ദയനീയ നാടകം പോലെ ഓരോ പടപ്പ്. 'ഓടയില്‍ നിന്ന്' പോലെ വീണ്ടും ഫോട്ടൊകോപ്പികള്‍. ഇതിനെല്ലാം കാരണം പൊട്ടസാഹിത്യം പരിചയപ്പെട്ടതുകൊണ്ടാണ്. അത് വായിച്ച്, ബ്ലോഗ് എഴുതി ശീലിച്ച്, സ്ഥലത്തെ ദിവ്യന്മാരായിക്കഴിഞ്ഞു എന്നവര്‍ വിചാരിയ്ക്കുന്നു. മേക്കിട്ട് കേറുന്നു. അതാണിവിടെ ഉണ്ടായത്. അതിനെയാണ് ഞാൻ ചെറുത്തത്. സുഖിപ്പിയ്ക്കാന്‍ പലരും പലതും പറയും. ഗള്‍ഫില്‍ പല സാഹിത്യകാരന്മാരും വരുന്നു, പലതും പിടിച്ച് പറ്റുകയോ പിടിപ്പിച്ച് സ്വയം പറ്റിയ്ക്കുകയോ ചെയ്യുന്നു. സാഹിത്യകാരന്മാര്‍ എന്നാല്‍ മഹാമനുഷ്യരൊന്നുമല്ല. അവരും എല്ലാവരേയും പോലെ ദുര്‍ബ്ബലതകളുള്ളവര്‍. അതുകൊണ്ട് അവർ സുഖിപ്പിച്ച് എന്തെങ്കിലും പറയുന്നുവെങ്കില്‍ അതില്‍ കണ്ണ് മഞ്ഞളിക്കേണ്ടതില്ല. നല്ല സാഹിത്യം ആസ്വദിയ്ക്കാനും വിലയിരുത്താനുമുള്ള കഴിവ് സാഹിത്യകാരന്മാരുടെ ദാനമൊന്നുമല്ല. അത് വായനക്കാരന്‍ കാലം കൊണ്ട് ആര്‍ജ്ജിയ്ക്കുന്ന സംസക്കാരമാണ്. അവനില്ലെങ്കില്‍ മറ്റവനില്ല.
 
ഇതിന് ഞാനെഴുതിയ മറുപടി:

ശ്രീ. സുദേഷിന്റെ മിക്ക അഭിപ്രായങ്ങളോടും തത്വത്തില്‍ എനിയ്ക്ക് യോജിപ്പാണ്. എന്നാല്‍ ഗള്‍ഫ് മലയാളികളെ സംബന്ധിച്ച വിലയിരുത്തലില്‍ പൂര്‍ണ വിയോജിപ്പും.
ദളിത് സാഹിത്യം, പെണ്‍ സാഹിത്യം എന്നൊക്കെ പറയുന്നപോലെ പ്രവാസ സാഹിത്യം എന്നു പറയുന്നതും ശുദ്ധഭോഷ്കു തന്നെ. സാഹിത്യം  ഒന്നുമാത്രം,പശ്ചാത്തലം വ്യത്യസ്തമായെക്കാമെങ്കിലും. ആ അര്‍ത്ഥത്തില്‍ “ആടുജീവിതം“ ശരാശരി പോലുമല്ല . സാധാരണ മലയാളിയ്ക്ക് പരിചിതമല്ലാത്ത ഒരു പശ്ചാത്തലം പകര്‍ത്തിയതിനാല്‍ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയെന്നു മാത്രം. 

ഞാന്‍ ഇത്തരം ആടുജീവിതങ്ങള്‍ നേരിട്ടു കണ്ടിട്ടുള്ളതിനാലും ഈ പശ്ചാത്തലത്തിന്റെ അരികത്ത് വര്‍ഷങ്ങള്‍ ജീവിച്ചതിനാലും ആ കൃതി എന്നില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പര്യാപ്തമായില്ല. ശില്പഘടനയില്‍ തീരെ ദുര്‍ബലം. ഖസാക്കിന്റെ ഇതിഹാസം പോലെയൊക്കെയുള്ള  കൃതികള്‍ പകര്‍ന്നു തരുന്ന ഒരു അനുഭൂതിയുണ്ട്. അതിന്റെ ഒരംശമെങ്കിലും ഇതില്‍ നിന്ന് പ്രതീക്ഷിയ്ക്കുകയേ വേണ്ട. യുക്തിയ്ക്ക് നിരക്കാത്ത വിവരണങ്ങള്‍ ധാരാളം. കുടിവെള്ളമില്ലാതെ നാലു ദിവസം ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ അലഞ്ഞത്, ആയിരക്കണക്കിന് പാമ്പുകള്‍ വന്നത്.. അങ്ങനെ പലതും. മരുഭൂജീവിതം അറിയാത്ത സാദാ മലയാളി ഒരുപക്ഷെ അതൊക്കെ വിശ്വസിച്ചിട്ടുണ്ടാവും. വെള്ളമില്ലാതെ ഒരു ദിവസം പോലും മനുഷ്യന് മരുഭൂമിയില്‍ പിടിച്ചു നില്‍ക്കാനാവില്ല. നിര്‍ജലീകരണം ബാധിച്ച് കുഴഞ്ഞു വീണു മരിയ്ക്കും. കൊടും ചൂടില്‍ പാമ്പുകള്‍ക്ക് അങ്ങനെ സഞ്ചരിയ്ക്കാനുമാവില്ല, അവ മണലില്‍ പൂണ്ടു കിടക്കാറേ ഉള്ളൂ. ഇതൊന്നും ഇല്യൂഷന്‍ ആയിട്ടല്ല നോവലില്‍ചിത്രീകരിച്ചതും.

പ്രവാസിയെക്കുറിച്ച് ശ്രീ.സുദേഷ് പറയുന്നകാര്യങ്ങള്‍  ആത്മനിഷ്ഠമാണ്, വസ്തുനിഷ്ഠമല്ല ‍. മനസ്സില്‍ മുന്‍‌കൂട്ടി രൂപപ്പെടുത്തി വച്ച അബദ്ധധാരണകളുടെ അടിസ്ഥാനത്തില്‍ വിദേശമലയാളികളുടെ ജീവിതത്തെ വിലയിരുത്തുകയാണ് അദ്ദേഹം.

/ / <<നിങ്ങള്‍ക്ക് രാഷ്ട്രീയ കാരണങ്ങളാലോ മറ്റ് സാംസ്ക്കാരിക കാരണങ്ങളാലോ സ്വന്തം നാട്ടില്‍ നിന്ന് മാറിനില്ക്കേണ്ടി വരികയും നാട്ടിലേയ്ക്ക് മടങ്ങാന്‍ അടങ്ങാത്ത പ്രേരണയുണ്ടാവുകയും എന്നാല്‍ അതിന് ഒരു വഴിയില്ലാതെ വിരഹമുണ്ടാകുകയും ചെയ്യുന്നവരെയാണ് യഥാര്‍ത്ഥത്തില്‍ പ്രവാസി എന്ന് വിളിയ്ക്കേണ്ടത്. >> / /
ഇപ്പറഞ്ഞതില്‍ മനുഷ്യനെ ബാധിയ്ക്കുന്ന മൂന്നാം ഘടകത്തെ അദ്ദേഹം ബോധപൂര്‍വം വിട്ടുകളഞ്ഞു, “സാമ്പത്തിക“ കാരണത്തെ. മികച്ച ശമ്പളത്തില്‍ ഉന്നത ജോലിയ്ക്കോ ബിസിനസിനോ വിദേശത്ത് ചേക്കേറുന്ന 20% ല്‍ താഴെയുള്ളവരെ വിട്ടേക്കുക. അവരെ ശ്രീ.സുദേഷ് പറയുന്ന ഗണത്തില്‍ കൊള്ളിയ്ക്കാം. എന്നാല്‍ ബാക്കിയുള്ളവരുടെ കാര്യം വ്യത്യസ്തമാണ്. അവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തിക കാരണങ്ങളാല്‍ ജന്മനാട്ടില്‍ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണ്. അപ്പോള്‍ ചോദിയ്ക്കാം, അവര്‍ക്കെന്താ നാട്ടില്‍ പണിയെടുത്തു കൂടേയെന്ന്...

ഇതിനുള്ള മറുപടി ബോധ്യപ്പെടാന്‍, ആദ്യം കേരളത്തിലെ ഇടത്തരം-ദരിദ്ര കുടുംബങ്ങളുടെ മനശ്ശാസ്ത്രം മനസ്സിലാക്കണം. സഹോദരിമാരുടെ വിവാഹം, കുടുംബത്തിന്റെ തീരാകടങ്ങള്‍, നല്ലൊരു വീട് എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ നിറവേറാന്‍, “നാട്ടില്‍ നിന്നിട്ടൊരു കാര്യവുമില്ല“ എന്ന സന്ദേശം ബന്ധുക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും കുടുംബത്തിലെ പുരുഷപ്രജയ്ക്ക് മേല്‍ നിരന്തരം അടിച്ചേല്‍പ്പിയ്ക്കപെടുന്നു. അതിന്റെ സമ്മര്‍ദ്ദം, ഒടുവില്‍ അവനെ നാടും വീടും വിട്ട് അന്യനാട്ടിലേയ്ക്ക് ഭാഗ്യാന്വേഷിയായി പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാക്കി തീര്‍ക്കുന്നു. ഇവരാരും കാശ് വാരിക്കൂട്ടാനുള്ള ആര്‍ത്തികൊണ്ടല്ല ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നത്.

ഒരിയ്ക്കല്‍ ഗള്‍ഫിലെത്തിപെട്ടവന്, അവന്‍ ആഗ്രഹിച്ചാല്‍ പോലും തിരിച്ചു വരവില്ല. വിസയ്ക്ക് മുടക്കിയ കാശ്, കുടുംബത്തിന്റെ ഉത്തരവാദിത്വം, അവന്റെ തുച്ഛമായ ശമ്പളം ഇവ തമ്മില്‍ ഒരിയ്ക്കലും പൊരുത്തപ്പെടില്ല. ഫലം ആയുഷ്കാലം അവന്‍ പ്രവാസിയാകുന്നു അല്ലെങ്കില്‍ അഭയാര്‍ത്ഥി ആകുന്നു. പാലസ്തീനിലെയോ സുഡാനിലെയോ കൊസോവോയിലെയോ അഭയാര്‍ത്ഥികളുമായി യാതൊരു വ്യത്യാസവും അവന്റെ ജീവിതത്തിനില്ല. ഉപരിവര്‍ഗ വിദേശമലയാളികളും ഈ പ്രവാസികളും തമ്മില്‍ യാതൊരു താരതമ്യവുമില്ല. 

ഇന്നേവരെ നമ്മുടെ സര്‍ഗ സാഹിത്യകാരന്മാര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താത്ത ഒരു മേഖലയാണ് ഈ പ്രവാസികളുടെ ജീവിതം. അവരുടെ മനോഭാവത്തിന്റെ നേര്‍ പ്രതിനിധിയാണ് സുദേഷ് എന്നു തോന്നുന്നു. ഇതിനു പലതുണ്ട് കാരണങ്ങള്‍.

1) മാധ്യമങ്ങള്‍ ‍:- മാധ്യമങ്ങള്‍ “പ്രവാസജീവിതം“ എന്നും പറഞ്ഞ് കാണിയ്ക്കുന്നത്  ദുബായിലെ കുറെ കെട്ടിടങ്ങളും ഷോപ്പിങ്ങ് മാളുകളും ഫെസ്റ്റിവലുകളും അവിടെയൊക്കെ മേയുന്ന കുറേ ഉപരിവര്‍ഗ ജാഡകളേയുമാണ്. (ഹിന്ദി സിനിമകളിലെ ഇന്ത്യ പോലെ.) ഇത് കാണുന്ന സുദേഷിനെപോലുള്ള മലയാളികള്‍ കരുതുന്നത് ഗള്‍ഫ് കാരെല്ലാം ഇതേ മാതിരി ചിക്കന്‍ ബര്‍ഗറും കെ.എഫ്.സിയും കോളയുമടിച്ച്  എ.സിയില്‍ അര്‍മാദിയ്ക്കുകയാണെന്നാണ്. ബര്‍ഗര്‍ എന്നു കേട്ടിട്ടുപോലുമില്ലാത്തവരാണ് ബഹുഭൂരിപക്ഷം പ്രവാസികളും. ഉണക്ക കുബൂസും പരിപ്പുമാണവരുടെ നിത്യഭക്ഷണമെന്ന് സുദേഷൊക്കെ എങ്ങനെ അറിയാന്‍ ! ആരെങ്കിലും പറഞ്ഞു കൊടുത്തിട്ടു വേണ്ടെ..! തുരുമ്പു പിടിച്ച വാട്ടര്‍ കൂളറാണവരുടെ  തണുപ്പിയ്ക്കല്‍ യന്ത്രമെന്ന് സുദേഷിനറിയുമോ? ഉഷ്ണം കനക്കുമ്പോള്‍ തുണി നനച്ച് ശരീരത്തിട്ടാണ് പലരും ഉറങ്ങുന്നത്!! യഥാര്‍ത്ഥ പ്രവാസജീവിതം ഉരുകി തിളയ്ക്കുന്ന സൌദിയില്‍ ഈ മാധ്യമ ക്യാമറകള്‍ക്ക് ഒരിയ്ക്കലും കടന്നു ചെല്ലാനാവില്ല എന്നതു വേറൊരു സത്യം.

2) രാഷ്ട്രീയക്കാര്‍: ഇവര്‍ ഗള്‍ഫിലേയ്ക്കെന്നും പറഞ്ഞ് പോകുന്നത് ചില വ്യവസായികളോടൊപ്പം തിന്നും കുടിച്ചും ഫണ്ട് പിരിച്ചും ആഘോഷിയ്ക്കാനാണ്. ഒരിയ്ക്കലും ശരിയായ പ്രവാസികളെ അവര്‍ കാണുന്നില്ല, പുറത്തു പറയുന്നില്ല. സൌദിയിലെ ജയിലില്‍ നരകിയ്ക്കുന്ന മലയാളികള്‍, ജിദ്ദയിലെത്തിയ വിദേശകാര്യ മന്ത്രിയെ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞത്, “താന്‍ വേറെ കാര്യത്തിനാണ് വന്നത്“ എന്നാണ്!

3) പ്രവാസികള്‍: ഗള്‍ഫില്‍ നിന്ന്  കടം മേടിച്ചും പട്ടിണികിടന്നും  “അവധി”യ്ക്ക് വരുന്ന ഒറ്റയൊരുത്തനും താനവിടെ കഷ്ടപെടുകയാണെന്ന് ഭാര്യയോടു പോലും പറയില്ല. പകരം, താനവിടെ “ഹെഡ് ലോഡിങ്ങ് മാനേജര്‍” ആണെന്നോ, “പാം ക്ലൈമ്പിങ്ങ് ഓഫീസര്‍” ആണെന്നോ “ഗോട്ട് ഓര്‍ഗനൈസര്‍” ആണെന്നോ ഭാവിയ്ക്കും. ബന്ധുക്കളെ പ്രീണിപ്പിയ്ക്കാന്‍ പത്ത് പായ്കറ്റ് റോത്ത്മാന്‍സും, മൂന്നു കുപ്പി ബ്ലാക്ക് ലേബലും സമ്മാനിയ്ക്കും. ഇവന്‍ അവിടെ മൂന്ന് മാസം പണിയെടുത്താലേ ഈ കാശൊപ്പിയ്ക്കാനാവൂ എന്ന് അവരറിയുന്നില്ലോ... പൊങ്ങച്ചം കാണിയ്ക്കാന്‍ പിരിവുകാര്‍ക്ക് വീശുന്ന ആയിരങ്ങള്‍, ഇവന്‍ അവിടെ നിന്ന് കടം മേടിച്ചതാണെന്ന് വേറെ ആരറിയാന്‍..!

തീര്‍ച്ചയായും ഇവരുടെ അഭയാര്‍ത്ഥി ജീവിതം പഠിയ്ക്കപ്പെടേണ്ടതാണ്. അവരുടെ വിരഹവും നൊമ്പരവും വേദനയും എഴുതപ്പെടേണ്ടതാണ്. ഗള്‍ഫില്‍ നില്‍ക്കുന്ന ഓരോ നിമിഷവും ജന്മനാടിന്റെ കുളിര്‍മയിലെയ്ക്ക് ഓടിയണയാന്‍ തുടിയ്ക്കുകയാണവന്റെ മനസ്. നാട്ടിലെത്തിയാലോ, എത്രയും വേഗം അവനെ തിരിച്ചോടിയ്ക്കാന്‍ വെമ്പുന്ന ബന്ധുക്കള്‍. അതിനെ പ്രതിരോധിച്ച് നാട്ടില്‍ നില്‍ക്കാനുള്ള മാനസിക ദാര്‍ഡ്യം, കാലം അവനില്‍ നിന്നു ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടാവും. കരയുന്ന മനസ്സുമായി അവന്‍ വീണ്ടും പടിയിറങ്ങും ചുട്ടു പൊള്ളുന്ന പ്രവാസത്തിലേയ്ക്ക്.

സുദേഷിനെപോലുള്ളവര്‍, അക്കാദമികളില്‍ ഇരുന്ന് “അസോസിയേറ്റ് ഫെലോ”മാര്‍ പടച്ചുണ്ടാക്കുന്ന “പഠന”ങ്ങളിലല്ല പ്രവാസിയെ തേടേണ്ടത്. കഴിയുമെങ്കില്‍ ഒരു വിസിറ്റ് വിസയെടുത്ത് ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിയ്ക്കുക. അതിനു മനസ്സില്ലെങ്കില്‍, സ്വയം ധരിച്ചു വച്ചിരിയ്ക്കുന്ന അബദ്ധങ്ങളണ് പ്രവാസജീവിതം എന്ന വീമ്പെങ്കിലും പ്രദര്‍ശിപ്പിയ്ക്കാതിരിയ്ക്കുക.

അടിക്കുറിപ്പ്:
ഞാന്‍ വൈകിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ശ്രീ. സുദേഷിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. ഇതാണ് ഫേസ്ബുക്ക് ചര്‍ച്ചയുടെ ലിങ്ക് . ശ്രീ.കെ.പി. നിര്‍മ്മല്‍ കുമാറിന്റെ ഫ്രെണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഈ ത്രെഡ് കാണാം. ചര്‍ച്ച പൂര്‍ണമായി വായിയ്ക്കാം.