Sunday, 27 February 2011

കേരളത്തിലെ അടിമവ്യാപാരം.

ലോകത്തിന്റെ ഏറെക്കുറെ എല്ലാ പ്രദേശങ്ങളിലും, ചില ഘട്ടങ്ങളില്‍ അടിമത്വവും അടിമക്കച്ചവടവും നിലനിന്നിരു ന്നതായി ചരിത്രം പറയുന്നു. ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുപൊയ കറുത്ത മനുഷ്യരാണ് അമേരിയ്ക്കയില്‍ യൂറോപ്യന്മാര്‍ക്കു വേണ്ടി അടിമപ്പണിയെടുത്തത്. അവസാനം ഒരു ലിങ്കന്‍ വേണ്ടി വന്നു അടിമത്തം അവസാനിപ്പിയ്ക്കാന്‍ (എന്നിട്ടും അവസാനിച്ചോ എന്നതു വേറൊരു കാര്യം).
കേരളത്തിലും പണ്ട് അടിമത്തവും അടിമവ്യാപാരവും ഉണ്ടായിരുന്നു. അധിനിവേശകരായ പറങ്കികള്‍ ഇവിടുന്നു ആള്‍ക്കാരെ അടിമകളായി കടത്തിക്കൊണ്ടു പോയിരുന്നു. കാലാന്തരത്തില്‍ ഉണ്ടായ സാമൂഹ്യമാറ്റങ്ങള്‍ ഇവിടെ പ്രത്യക്ഷമായ വ്യാപാരം ഒരു പരിധിവരെ അവസാനിപ്പിച്ചു എന്നു പറയാം.  ചില ഗള്‍ഫ് രാജ്യങ്ങളിലെ സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ആധുനികകാലത്തെ അടിമത്തമായി നിലനില്‍ക്കുന്നു. വിദേശികളായ എത്രയോ സാധു സ്ത്രീകള്‍ അറബിവീടുകളില്‍ യാതൊരു അവകാശങ്ങളുമില്ലാതെ അടിമകളായി ജീവിയ്ക്കുന്നു.

ഇക്കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നു കേട്ട വാര്‍ത്ത, ഈ കേരളത്തില്‍ ഇപ്പോഴും അടിമവ്യാപാരം  നിലനില്‍ക്കുന്നു എന്ന ഞെട്ടിയ്ക്കുന്ന അറിവിലേയ്ക്കാണു നമ്മെ നയിയ്ക്കുന്നത്. അന്യ സംസ്ഥാനങ്ങളിലെ ദരിദ്രരായ ബാലികമാരാണ് ഇങ്ങനെ വില്‍ക്കപ്പെടുന്നത് എന്ന സത്യം നമ്മളെയെല്ലാം ലജ്ജിപ്പിയ്ക്കേണ്ടതാണ്. പട്ടിണികൊണ്ട് നട്ടം തിരിയുന്ന കുടുംബങ്ങള്‍ എതാനും ആയിരങ്ങള്‍ക്ക് ബാല്യം വിട്ടുമാറാത്ത പെണ്‍കുഞ്ഞുങ്ങളെ ഏജന്റുമാര്‍ക്കും, അവര്‍ കൂടിയ തുകയ്ക്ക് കേരളത്തിലെ ഉപരിവര്‍ഗ കുടുംബങ്ങള്‍ക്ക് വില്‍ക്കുന്നു..!

ഈ വരുന്ന മാര്‍ച്ച് -8 ലോക വനിതാദിനമാണ്. ഈ ദിനത്തില്‍ ലോക്‍സഭയില്‍ വനിതാ സംവരണ ബില്ല് അവതരിപ്പിയ്ക്കപ്പെടും. കൂടാതെ അനേകം സ്ത്രീ ശാക്തീകരണ നിയമങ്ങള്‍ ഇവിടെയുണ്ട്. ഗാര്‍ഹിക പീഡന വിരുദ്ധ നിയമങ്ങള്‍ ഉണ്ട്. ഇതെല്ലാമുണ്ടായിട്ടും എന്താണ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ?

സാമൂഹ്യപരമായതും ജൈവികപരമായതുമായ പ്രത്യേകതകളാല്‍ പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയാണ് ഇവിടെയുള്ളത്. അതിന് അതിന്റേതായ ശരി തെറ്റുകള്‍ ഉണ്ടാകാം. എന്നാല്‍ സമൂഹത്തിലെ താഴെക്കിടയിയിലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൊടിയ പീഡനങ്ങളാണ്  അധികപേരും അവരുടെ ജീവിതകാലത്ത് അനുഭവിച്ചു തീര്‍ക്കുന്നത്. അനേകമനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. വിദ്യാഭ്യാസമില്ലായ്മയും കുടുംബത്തോടുള്ള പ്രതിബദ്ധതയും ആത്മവിശ്വാസമില്ലായ്മയുമൊക്കെ ഇതിനുകാരണങ്ങളാണ്. “പെണ്ണായി പിറന്നാല്‍ മണ്ണാകുവോളം കണ്ണീര്‍” എന്നൊരു ചൊല്ല് തന്നെ കേട്ടിട്ടുണ്ട്. ഇതൊക്കെ ഒരു തരം അടിമത്ത ബോധം അവളില്‍ വളര്‍ത്തുന്നു. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയ്ക്കനുസൃതമായി അവളെ പാകപ്പെടുത്തിയെടുക്കുന്നു. ചെറുപ്പത്തില്‍ മകളോ മരുമകളോ ആയിരിയ്ക്കുമ്പോള്‍ പീഡിതയാകുന്നവള്‍ അമ്മയോ അമ്മായിയമ്മയോ ആകുമ്പോള്‍ പീഡക ആകാനും പഠിയ്ക്കുന്നു. പുരുഷന്‍ കുടുംബത്തിന്റെ വരുമാനദാതാവും സംരക്ഷകനും, സ്ത്രീ കുടുംബത്തിന്റെ നടത്തിപ്പുകാരിയുമായ സംവിധാനം നല്ല പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ അനുയോജ്യമാണ്. ഇന്ന് നല്ല നിലയിലുള്ള ഒട്ടുമിക്കപേരും ഈ സംവിധാനത്തിന്റെ ഉല്പന്നങ്ങളാണ്. എന്നാല്‍ വ്യക്തിപരമായ സവിശേഷതകള്‍ ഈ സംവിധാനത്തിന് ഉലച്ചില്‍ തട്ടിയ്ക്കുകയും അത് പീഡനത്തിലേയ്ക്കു നീങ്ങുകയും ചെയ്യുമ്പോള്‍ അതിനിരയാകുന്നത് അധികവും സ്ത്രീകളാണെന്നത് വാസ്തവം.

സ്ത്രീയെ ലൈംഗീക ഉപകരണമായി മാത്രം കണ്ടാല്‍ മതിയെന്ന പുരുഷമേധാവിത്വ ചിന്തയ്ക്ക് വെള്ളവും വളവും നല്‍കാന്‍ പുത്തന്‍ മാധ്യമസംസ്കാരം അത്യധ്വാനം ചെയ്യുകയാണ്. എവിടെയും സ്ത്രീ, കണ്ണുകൊണ്ടും വാക്കുകൊണ്ടും ശരീരം കൊണ്ടും “സുഖം ചൂഴ്‌ന്നെടുക്ക”പ്പെടാനുള്ള വസ്തുവായി തരം താഴ്‌ത്തപെടുന്നു. പണം നല്‍കിയാല്‍ ഏതു സ്ത്രീശരീരവും “ലഭ്യ”മാണ് എന്ന പൊതുബോധ്യത്തിലേയ്ക്ക് ടി.വിയും സിനിമയും അവളെ വലിച്ചെറിഞ്ഞിരിയ്ക്കുന്നു. ജീര്‍ണത ബാധിച്ച നമ്മുടെ സമൂഹം  ഇതാണ് പഠിപ്പിയ്ക്കുന്നത്. അതിലെ അംഗമെന്ന നിലയില്‍ നാമോരോരുത്തരും ഇതിനു പലയളവില്‍ ഉത്തരവാദികളാണ്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെട്ട വിഭാഗങ്ങളില്‍ സ്ത്രീകള്‍ പീഡനങ്ങളോട് പ്രതികരിയ്ക്കാന്‍ തയാറാകുന്നുണ്ട്. അതുകൊണ്ട് തന്നെ താഴെക്കിടയിലുള്ളവരെ അപേക്ഷിച്ച് അവര്‍ താരതമ്യേക ഭേദപ്പെട്ട അവസ്ഥയിലാണ്.  ഇന്ന് സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി സമൂഹം കുറെയൊക്കെ ബോധ്യപ്പെട്ടിരിക്കുന്നു. ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. അവരുടെ അവകാശം സംരക്ഷിയ്ക്കാന്‍ വേണ്ട നിയമങ്ങള്‍ രൂപീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ഒന്നിച്ചിരിയ്ക്കുവാനും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുമുള്ള വേദിയൊരുക്കുന്നു. സ്ത്രീകള്‍ ക്രമേണ തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിയ്ക്കുന്നു.

എന്നാല്‍, ഇതിനു സമാന്തരമായി മറ്റൊരു ധാര രൂപപ്പെട്ടുവരുന്നു. സമൂഹത്തിലെ ഉപരിവര്‍ഗത്തില്‍ പെടുന്ന സ്ത്രീകളുടെ ഒരു ധാര. യാതൊരു സാമൂഹ്യബോധവുമില്ലാത്ത, സ്വയം ഉള്‍വലിഞ്ഞ കൂട്ടരാണിവര്‍. മക്കള്‍ക്കുവേണ്ടി യുവജനോത്സവങ്ങളില്‍ അടികൂടാനും, റീയാലിറ്റി ഷോകളില്‍ കണ്ണീര്‍വാര്‍ക്കാനും, പൊങ്കാലയിടാനും അവരുണ്ട്. പൊങ്ങച്ച ക്ലബ്ബുകളില്‍ ആടിപ്പാടാനും, ചാനലുകളില്‍ പുരുഷവിദ്വേഷം ചീറ്റാനും അവരുണ്ട്.  പെണ്‍കുട്ടികളെ - സ്വന്തം മകളെ വരെ - ചതിയില്‍ വീഴ്ത്താനും വ്യഭിചാരികള്‍ക്ക് കൂട്ടിക്കൊടുക്കാനും, അടിമപ്പണിയ്ക്ക് ബാലികമാരെ എത്തിച്ചു കൊടുക്കാനും അവരുണ്ട്. സ്ത്രീധനം പോരാത്തതിന് മരുമകളെ പീഡിപ്പിയ്ക്കാനും വേണ്ടിവന്നാല്‍ കൊലചെയ്യാനും അവരുണ്ട്.  ഇവരില്‍ പെട്ട ഒരുവളാണ്,  തന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ദിവസം ആ പിഞ്ചു തമിഴ്ബാലികയെ പീഡിപ്പിച്ചു കൊന്നത്. നിയമം അറിയാമായിരുന്നിട്ടും ഇതിനു കൂട്ടുനിന്ന അവന്റെ വര്‍ഗത്തില്‍ പെട്ട ഒരുവനാണ് ഞാനും എന്നതില്‍ ലജ്ജ തോന്നുന്നു.

സ്റ്റാറ്റസുയര്‍ന്നപ്പോല്‍ സ്വന്തം വീട്ടുജോലികള്‍ ചെയ്യുന്നത് അപമാനമായിക്കാണുന്ന “ആധുനിക”നാരിമാര്‍ക്ക് കുറഞ്ഞ കൂലിയ്ക്ക് അതു ചെയ്തു കിട്ടാനുള്ള എളുപ്പവഴിയാണ്, ദരിദ്രരായ ബാലികമാരെ വിലകൊടുത്തു മേടിയ്ക്കല്‍. മര്യാദയ്ക്കു ഭക്ഷണം പോലും നല്‍കാതെ ഈ മക്കളെ അടിമവേലയെടുപ്പിയ്ക്കുന്ന ഇവളുമാരെ എന്തു പേരിട്ടാണ് വിളിയ്ക്കേണ്ടത്? ഈ കുഞ്ഞുങ്ങളെ വേലയ്ക്കു വയ്ക്കുക വഴി ലാഭിയ്ക്കുന്ന കാശിന്റെ എത്രയോ മടങ്ങാണ് കൊളസ്ട്രോളിനും ഷുഗറിനും പ്രഷറിനും ചികിത്സിക്കാന്‍ ഇവര്‍ മാറ്റിവയ്ക്കുന്നത് !!! ആലുവയിലെ വാര്‍ത്തയില്‍, ആ കുട്ടിയെ വില്‍ക്കാന്‍ ഇടനിലക്കാരിയായി നിന്ന ഒരു സ്ത്രീയെക്കൂടി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അവരും “ഉന്നതകുല”ജാത തന്നെ !! കെട്ടിയോന്‍ ഗള്‍ഫില്‍. അതുപോരാഞ്ഞിട്ട് അവളുടെ സൈഡ് ബിസിനസ്, അടിമക്കച്ചവടം..!

ഇവിടെ പോലീസും കാക്കത്തൊള്ളായിരം പത്രങ്ങളും ചാനലുകളും ഒളികാമറ വിദഗ്ദന്മാരും ഇന്‍‌വെസ്റ്റിഗേറ്റീവ്-സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളും, വനിതാസംഘടനകളും, അല്ലാത്ത സംഘടനകളും ഉണ്ടായിട്ട് ഇത്തരമൊരേര്‍പ്പാട് ഇതു വരെ അറിഞ്ഞിട്ടില്ല എന്നത് അത്ഭുതകരമാണ്.

സ്വന്തം അവകാശങ്ങളെക്കുറിച്ച് അവബോധമുള്ള, പ്രതികരണശേഷിയുള്ള,  സ്ത്രീയ്ക്ക് വിമോചനം വേണ്ടത് പുരുഷനില്‍ നിന്നല്ല മറിച്ച് സാമൂഹ്യ അസമത്വങ്ങളില്‍ നിന്നാണെന്ന് തിരിച്ചറിയുന്ന, സ്ത്രീയും പുരുഷനും പരസ്പരം സ്നേഹത്താല്‍ അടിമയാകുമ്പോഴാണ് അവര്‍ സ്ത്രീയും പുരുഷനുമാകുന്നതെന്ന് തിരിച്ചറിയുന്ന, യഥാര്‍ത്ഥ സ്ത്രീകളെയാണ് നമുക്കാവശ്യം. അതിനായി സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എല്ലാ പുരുഷന്മാര്‍ക്കും ബാധ്യതയുണ്ട്.

Monday, 21 February 2011

വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്...

“വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്” : എന്‍.എസ്. മാധവന്‍.

“ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്. പെട്ടെന്ന് കത്തിപ്പൊലിഞ്ഞു പോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മകവെളിച്ചം മാത്രമേ അവരുടെ എഴുത്തുകളിലുള്ളു”: സന്തോഷ് ഏച്ചിക്കാനം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍, രണ്ട് മുഖ്യധാരാ എഴുത്തുകാരില്‍ നിന്നും കേള്‍ക്കാനിടയായ പ്രതികരണം ആണിത്. ഇവരുടെ പ്രസ്താവനകളുടെ പൂര്‍ണരൂപം വായിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും മേല്‍ ഉദ്ധരിച്ച വാചകങ്ങളില്‍ അവയുടെ ആകെത്തുക ഉണ്ടായിരിയ്ക്കുമെന്നതില്‍ സംശയമില്ല. ഞാന്‍ ഈ വിഷയം ഫേസ്ബുക്കില്‍ ചര്‍ച്ചയ്ക്കു വെച്ചപ്പോള്‍ ലഭിച്ച ചില പ്രതികരണങ്ങള്‍ :

ബ്ലോഗറും എഴുത്തുകാരിയുമായ ആഗ്നേയ ഫെമിന:

“ മുഖ്യധാരയിലുള്ള എല്ലാവരും പിന്നെ എല്ലാദിവസോം സര്‍ഗ്ഗസാഹിത്യം പടച്ചുവിടുന്നുണ്ടല്ലോ. ബ്ലോക്കു വരുന്നേ ഇല്ല..എഴുതിവിടുന്ന സകലതും പത്തരമാറ്റ്. ഇവരെല്ലാവരും ഇങ്ങനെയങ്ങ് ബ്ലോഗ്ഗുകാരെ കേറി മേയുന്നതെന്തിനാണെന്നാണു മനസ്സിലാകാത്തത്..ഞങ്ങളിതാ അവതരിച്ചു, സകലരും എഴുത്തുനിര്‍ത്തിപ്പോന്നും പറഞ്ഞ് ബ്ലോഗ്ഗര്‍മാര്‍ ആര്‍ക്കു നേരേയും ചെല്ലുന്നില്ലല്ലോ..മലയാളസാഹിത്യത്തിന്റെ ഭാവി ഞങ്ങളുടെ മാത്രം കയ്യിലെന്ന് ആരെങ്കിലും പ്രസ്താവിച്ചതായി അറിവുമില്ല. വിമര്‍ശനം ആകാം, മുഖമടച്ചുള്ള ചില പ്രസ്താവനകളാണ് സഹിക്കാനാവാത്തത്.“ “സന്തോഷ് എച്ചിക്കാനം രചന നടത്തിയ പല കണ്ണീര്‍ മെഗാസീരിയലുകളും കേരളത്തിലുണ്ടാക്കിയ അത്രയും വല്യ സാഹിത്യ ദുരന്തമൊന്നും ഒരു ബ്ലോഗ്ഗറും ഉണ്ടാക്കിക്കാണില്ല. സന്തോഷിലെ നല്ല എഴുത്തുകാരനെ മറന്നിട്ടല്ല ,എന്നാലും പറയുമ്പോ മുഴുവന്‍ പറയണമല്ലോ ““ബ്ലോഗ് എന്ന മാധ്യമത്തില്‍ നടക്കുന്നതെന്തെന്ന് അറിയാതെ ഒന്നോരണ്ടോ ദിവസം അഗ്ഗ്രിഗേറ്ററിലെ നാലഞ്ചു പോസ്റ്റോ, എഫ്ബി പോലുള്ളിടങ്ങിലെ അപ്ഡേറ്റോ, മാതൃഭൂമി കോളമോ മാത്രം വാ‍യിച്ചാണു പലരുടേയും വിമര്‍ശനം. സന്തോഷിന്റെ മാത്രം കാര്യമല്ലിത്, പൊതുവേ പിന്നാമ്പുറത്ത് ഇലയിട്ടിരുന്ന് ഉണ്ണുന്ന അടിയാനോടുള്ള തമ്പുരാന്റെ പുച്ഛം കലര്‍ന്ന മനോഭാവം ബ്ലോഗ്ഗേഴ്സിനുനേരെ പല ബുദ്ധിജീവികള്‍ക്കുമുണ്ട്. ഈ സോ കോള്‍ഡ് ബുദ്ധിജീവികളുടെ വായനക്കാരില്‍ അറുപത് ശതമാനത്തിലധികവും ബ്ലോഗ്ഗേഴ്സ് ആയിരിക്കും.ഒരു ബ്ലോഗ്ഗര്‍ എന്ന നിലയിലല്ല, ഇരു കൂട്ടരേയും വായിക്കുന്ന വായനക്കരി എന്ന നിലക്കുള്ള അഭിപ്രായമാണിത്.“

ബിജുകുമാര്‍ ആലക്കോട്:

“ബ്ലോഗെഴുത്തുകാര്‍ക്ക് ചില പരിമിതികള്‍ ഉണ്ടെന്നുള്ളത് സത്യമാണ്. എങ്കിലും ബ്ലോഗെഴുത്ത്, എഴുത്തിന്റെ ജനാധിപത്യ രൂപമാണ്. ആരുടെയും ഇടപെടലില്ലാതെ സ്വന്തം ആവിഷ്കാരം നടത്താം. വായനക്കാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാം. സത്യത്തില്‍ എഴുത്തുകാരനും വായനക്കാരനുമായി യഥാര്‍ത്ഥ സംവേദനം നടക്കുന്നത് ബ്ലോഗിലാണ്. സാമ്പ്രദായിക എഴുത്ത്-പ്രസിദ്ധീകരണരീതികളില്‍ എഡിറ്റര്‍, പ്രസാധകന്‍ എന്നിവരുടെയൊക്കെ കൈകടത്തല്‍ വരുന്നു. അവര്‍ക്കു വേണ്ടപ്പെട്ടവരെ ഉയര്‍ത്താനും താഴ്ത്താനും സാധിയ്ക്കും. അങ്ങനെ ‘ഉയര്‍ന്ന”വരില്‍ ചിലര്‍ക്കാണ് ഇപ്പോള്‍ ബ്ലോഗെഴുത്തുകാര്‍ ചതുര്‍ഥിയായത്. ബ്ലോഗെഴുത്തല്ല, ഏതെഴുത്തായാലും പ്രതിഭയുള്ളവര്‍ക്കേ പിടിച്ചു നില്‍ക്കാനാവൂ. അതുകൊണ്ട് തന്നെ സന്തൊഷിനെപോലെയുള്ളവരുടെ പ്രതികരണം അസ്ഥാനത്തും അനുചിതവുമാണ്. “

സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിയ്ക്കുന്ന “Inquilab Makkal“:

“ബ്ലോഗുകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും സാഹിത്യവും കേരളത്തിനു കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.. എഴുത്തിന്റെ ഈ ഉല്‍സവഭൂമിയില്‍ പിടിച്ച് നില്‍ക്കാന്‍ സാധാരണ പ്രതിഭ പോരാ... അസാമാന്യപ്രതിഭവേണം..
സന്തോഷിന്റെ കൊമാലയെക്കാള്‍ സുന്ദരന്‍ കഥകള്‍ ബ്ലോഗുകളില്‍ വിടര്‍ത്തി വേണം ഇതിനു മറുപടി നല്‍കുവാന്‍... ആടു ജീവിതം എഴുതിയ ബെന്യാമിന്‍ ബ്ലോഗെഴുത്തിലൂടെ തെളിഞ്ഞ ഒരെഴുത്തുകാരന്‍ എന്ന് തോന്നുന്നു...
ബ്ലോഗിലെ പല കവികളും ഇന്ന് ആനുകാലികങ്ങളില്‍ വരുന്നതിനെക്കാള്‍ സുന്ദരമായ കവിതകള്‍ എഴുതി ധീരമായ ചുവടുവെപ്പ് നടത്തുന്നവരാണു. ഈ പരിസരത്ത് അടുക്കാന്‍ കഴിയുന്ന അധികം എഴുത്തുകാരൊന്നും ഇന്ന് മലയാളത്തിന്റെ അച്ചടി മാധ്യമ രംഗത്ത് ഇല്ല. ബ്ലോഗെഴുത്തുകാര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു...ഇവിടെനിന്നാണു ഏറ്റവും പുതിയ വിപ്ലവങ്ങള്‍ ഉണ്ടാവേണ്ടത്.. അത് സംഭവിക്കുക തന്നെ ചെയ്യും.. ഏറ്റവും മൂല്യമാര്‍ന്നവ ഇവിടെ നിന്നും ഉണ്ടാവും... ഇപ്പോള്‍ പിച്ചവെച്ച് തുടങ്ങിയതല്ലേയുള്ളൂ.. സന്തോഷ് ഒന്ന് അടങ്ങ്... പിച്ചവെക്കുന്ന പാദങ്ങള്‍ ഇടറും... അങ്ങനെയാണു നടക്കാന്‍ പഠിക്കുന്നത്. സ്വയം ശീലിക്കുന്ന നടപ്പിനു തപ്പുകൊട്ടാനും പ്രോത്സാഹിപ്പിക്കാനും ബ്ലോഗെഴുത്തുകാര്‍ക്ക് തുണക്കാരില്ല.. സ്വയം ആര്‍ജ്ജിക്കുന്ന കരുത്തില്‍ അവര്‍ വരുമ്പോള്‍ നിങ്ങളൊക്കെ അവിടെ ഉണ്ടാവണേ..“

Sanuj Suseelan

“ എല്ലാ ബ്ലോഗ്ഗര്‍മാരും അങ്ങനെ ആണെന്നല്ല കവി ഉദ്ദേശിച്ചിരിക്കുന്നത്. പക്ഷെ സൂക്ഷിച്ചു നോക്കിയാലറിയാം. ഒരുപാടു പേര്‍ ബ്ലോഗുകള്‍ തുടങ്ങുന്നുണ്ട്. എന്നിട്ട് അഞ്ചോ ആറോ പോസ്റ്റ്‌ കഴിയുമ്പോ പെട്ടി മടക്കും.സ്ഥിരമായി നിലവാരം കാത്തു സൂക്ഷിയ്ക്കുന്ന ബ്ലോഗേഴ്സ് വളരെ കുറവാണ്.“

സ്മിതാബാലകൃഷ്ണന്‍:

“തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ തിളക്കം സൂക്ഷിച്ച എത്ര എഴുത്തുകാരുണ്ട്? പലരും വിരലിലെണ്ണാവുന്ന നല്ല രചനകളുടെ ബലത്തില്‍ പിടിച്ചു നില്‍ക്കുന്നു. പിന്നെ നമ്മള്‍ വായനക്കാര്‍ ചില സൂപ്പര്‍ സ്റ്റാറുകളെയെന്ന പോലെ പലരെയും സഹിക്കുകയാണ്. ഒരാളുടെ വായനയ്ക്ക് വേണ്ടതെല്ലാം ഞങ്ങള്‍ തന്നോളമെന്ന ധാര്‍ഷ്ട്യം ഒരെഴുത്തുകാരനും ചേര്‍ന്നതല്ല.“

വിഷ്ണു പത്മനാഭന്‍:

“ബ്ലോഗെഴുത്തുകാര്‍ക്ക് മുഖ്യധാരാ എഴുത്തുകാരെ ബ്ലോഗിലൂടെ കുറ്റപ്പെടുത്താം , വിമര്‍ശിക്കാം ,പ്രിന്റഡ് മീഡിയയെക്കുറിച്ച് തോന്നിയ പോലെയൊക്കെ പറയാം. ബ്ലോഗിന്റെ ജനാധിപത്യത്തെക്കുറിച്ചും അതിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാവാം . അവസാനം കുറെ ...ബ്ലോഗെഴുതി ആരെയെങ്കിലും സോപ്പിട്ട് ഒരു ബുക്ക് പടച്ചിറക്കി തന്റെ കോക്കസ്സിലുള്ള കുറെ ബ്ലോഗേഴ്സിനെക്കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുന്നതോടെ തീരുന്നു ഈ ബ്ലോഗ് ജനാധിപത്യം . അങ്ങനെ കാശുള്ളത് കൊണ്ട് മാത്രം എത്ര ചവറ് ബ്ലോഗുകള്‍ പുസ്തകങ്ങളായിരിക്കുന്നു . ഇലക്ട്രോണീക് മീഡിയയാണ് പ്രിന്റഡ് മീഡിയയെക്കാള്‍ ശക്തിയെന്ന് വാദമുഖങ്ങള്‍ നിരത്തി വാദിക്കുന്നവരും മാതൃഭൂമിയുടെ ബ്ലോഗനയിലൊന്ന് വരാന്‍ വേണ്ടി മാത്രം സ്വപ്നം കണ്ട് കഴിയും.

 ബ്ലോഗേഴ്സിന്റെ ഇടയില്‍ നല്ല കോക്കസ്സുണ്ട് , ഓരോ ടീമുകളാണ് ,ചിലര്‍ അതിലൊന്നും പെടാതെ പോകും , ഇത്തിരി പോന്ന ഈ മലയാളം ബ്ലോഗുകളില്‍ എത്ര ബ്ലോഗ് സംഘടനകളുണ്ടെന്ന് വല്ല തിട്ടവുമുണ്ടോ , എന്‍ എസ് മാധവനാകട്ടെ സന്തോഷ് എച്ചിക്കാനമാകട്ടെ പറയുന്ന വിമര്‍ശനങ്ങളെ യുക്തിപരമായി സമീപിക്കാതെ അവരെഴുതിയ കണ്ണീര്‍ സീരിയലുകളുടെ ഗുണ നിലവാരത്തെ പറ്റി പറയുന്നതിലെന്ത് കാര്യം ? ചെറുകഥയെഴുതി ജീവിക്കാന്‍ പറ്റില്ലയെന്നുള്ളത് സത്യമാണ് , അത് കൊണ്ട് സീരിയലെഴുതുന്നു.

വിമര്‍ശനങ്ങളില്‍ ഒരു പ്രധാന കാര്യം - ബ്ലോഗെഴുത്തുകാര്‍ വാല്‍ നക്ഷത്രം പോലെയാണ് എന്നുള്ളതാണ് - മലയാളം ബ്ലോഗിങ്ങ് സജീവമായി നില നില്‍ക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് എന്റെ കണക്ക് കൂട്ടല്‍. ഈ അഞ്ച് വര്‍ഷത്തില്‍ എഴുത്തില്‍ നിലവാരം കാത്ത് സൂക്ഷിക്കുന്ന നൈരന്തര്യമുള്ള ഏതെങ്കിലും സര്‍ഗ്ഗാത്മക ബ്ലോഗര്‍ ഉണ്ടോ ? അറിയാത്തത് കൊണ്ടാണ് ചോദ്യം . ചിലര്‍ എഴുതുന്നു പെട്ടെന്ന് പ്രശസ്തരാവുന്നു...ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം അജ്ഞാതരാകുകയോ നിര്‍ജ്ജീവമാവുംകയോ ചെയ്യുന്നു .മുഖ്യധാരയിലെ എഴുത്തുകാര്‍ ഒന്ന് രണ്ട് വര്‍ഷം കൊണ്ട് അറിയപ്പെടുന്നവരല്ല ,വര്‍ഷ്ങ്ങള്‍ നീണ്ട് വര്‍ഷങ്ങള്‍ എടുത്താണ് അവരാ നിലയിലേക്കെത്തുന്നത് . അത് കൊണ്ട് തന്നെ ആ വിമര്‍ശനത്തില്‍ അല്ലെങ്കില്‍ കാഴ്ചപ്പാടില്‍ കാര്യമുണ്ട് എന്ന് തന്നെ കരുതുന്നു .ബ്ലോഗറായത് കൊണ്ട് ആവേശം കൊള്ളേണ്ട കാര്യമില്ല.

ബ്ലൊഗെഴുത്തുകാരെ അവരുടെ പാട്ടിന് വിട്ട് കൂടെ എന്ന ചോദ്യം അപ്രസക്തമാണ് - ബ്ലോഗെഴുത്തുകാരെ പരിഗണിക്കണമെന്നു പറഞ്ഞ് സാഹിത്യ അക്കാദമിയിലേക്ക് ഒരു ഭീമ ഹര്‍ജി തയ്യാറായത് ഈയിടെ ഓണ്‍ ലൈനില്‍ കണ്ടിരുന്നു . അപ്പോള്‍ സജീവ സാഹിത്യ മണ്ഡലത്തിലേക്ക് ബ്ലോഗിങ്ങിനെ കടത്തി വിടണമെന്ന ബ്ലോഗെഴുത്തുകാരുടെ നിരന്തര നിലവിളി നിലനില്‍ക്കുന്നുണ്ട് , എന്നിട്ടൂം ബ്ലോഗെഴുത്തുകാരെ അവരുടെ പാട്ടിന് വിട്ട് കൂടെ എന്ന ചോദ്യം ഇരട്ടത്താപ്പാണ് . ബ്ലോഗിന് മുഖ്യധാരാ സാഹിത്യ മണ്ഡലത്തില്‍ ഭാഗഭാക്കാവണം , പക്ഷെ വിമര്‍ശനങ്ങള്‍ ഏല്‍ക്കാന്‍ ഞങ്ങള്‍ക്ക് വയ്യ , തളര്‍ന്ന് വാടിപ്പോകും അല്ലെ?

ഇവിടെ മുഖ്യധാരയില്‍ നിന്ന് ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവിലും ,ബാലചന്ദ്രന്‍ ചുള്ളിക്കാടുമെല്ലാം വന്നപ്പോള്‍ തുടക്കത്തില്‍ വളരെ ഹീനമായ രീതിയിലാണ് മറ്റ് ബ്ലോഗെഴുത്തുകാര്‍ പ്രതികരിച്ചിരുന്നത് , എല്ലാവരുമല്ല ചിലരെങ്കിലും ചില ഗ്രൂപ്പുകളെങ്കിലും...ഓര്‍മ്മയുണ്ടായിരിക്കണം . സച്ചിദാനന്ദന്‍ ബ്ലോഗെഴുതുന്നുണ്ട് , കാരശേരിക്കുണ്ട് , സുസ്മേഷ് ചന്ദ്രോത്തിനുണ്ട് , പിന്നെയും കുറെ എഴുത്തുകാര്‍ക്കുണ്ട് , ഇവരെയാരെയും മുഖ്യധാരാ എഴുത്തുകാരായത് കൊണ്ട് ബ്ലോഗില്‍ പ്രത്യേകിച്ച് പ്രാധാന്യമൊന്നും കൊടുത്ത് കണ്ടിട്ടില്ല ...അപ്പോള്‍ മുഖ്യധാരയായാലും ബ്ലോഗായാലും ആ മേഖലയില്‍ എങ്ങനെ പെര്‍ഫോം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.“

പ്രസക്തമെന്നു തോന്നിയ ചില കമന്റുകള്‍ ആണ് ഇവിടെയിട്ടത്. ഫേസ്ബുക്കില്‍ ചര്‍ച്ച തുടരുന്നു. 

ബ്ലോഗിന്റെയും ബ്ലോഗര്‍മാരുടെയും പ്രസക്തിയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വിഷ്ണു പത്മനാഭന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഓരോ ബ്ലോഗര്‍ക്കും ബാധ്യതയുണ്ടെന്നു തോന്നുന്നു.