Monday, 21 February 2011

വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്...

“വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്” : എന്‍.എസ്. മാധവന്‍.

“ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്. പെട്ടെന്ന് കത്തിപ്പൊലിഞ്ഞു പോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മകവെളിച്ചം മാത്രമേ അവരുടെ എഴുത്തുകളിലുള്ളു”: സന്തോഷ് ഏച്ചിക്കാനം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍, രണ്ട് മുഖ്യധാരാ എഴുത്തുകാരില്‍ നിന്നും കേള്‍ക്കാനിടയായ പ്രതികരണം ആണിത്. ഇവരുടെ പ്രസ്താവനകളുടെ പൂര്‍ണരൂപം വായിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും മേല്‍ ഉദ്ധരിച്ച വാചകങ്ങളില്‍ അവയുടെ ആകെത്തുക ഉണ്ടായിരിയ്ക്കുമെന്നതില്‍ സംശയമില്ല. ഞാന്‍ ഈ വിഷയം ഫേസ്ബുക്കില്‍ ചര്‍ച്ചയ്ക്കു വെച്ചപ്പോള്‍ ലഭിച്ച ചില പ്രതികരണങ്ങള്‍ :

ബ്ലോഗറും എഴുത്തുകാരിയുമായ ആഗ്നേയ ഫെമിന:

“ മുഖ്യധാരയിലുള്ള എല്ലാവരും പിന്നെ എല്ലാദിവസോം സര്‍ഗ്ഗസാഹിത്യം പടച്ചുവിടുന്നുണ്ടല്ലോ. ബ്ലോക്കു വരുന്നേ ഇല്ല..എഴുതിവിടുന്ന സകലതും പത്തരമാറ്റ്. ഇവരെല്ലാവരും ഇങ്ങനെയങ്ങ് ബ്ലോഗ്ഗുകാരെ കേറി മേയുന്നതെന്തിനാണെന്നാണു മനസ്സിലാകാത്തത്..ഞങ്ങളിതാ അവതരിച്ചു, സകലരും എഴുത്തുനിര്‍ത്തിപ്പോന്നും പറഞ്ഞ് ബ്ലോഗ്ഗര്‍മാര്‍ ആര്‍ക്കു നേരേയും ചെല്ലുന്നില്ലല്ലോ..മലയാളസാഹിത്യത്തിന്റെ ഭാവി ഞങ്ങളുടെ മാത്രം കയ്യിലെന്ന് ആരെങ്കിലും പ്രസ്താവിച്ചതായി അറിവുമില്ല. വിമര്‍ശനം ആകാം, മുഖമടച്ചുള്ള ചില പ്രസ്താവനകളാണ് സഹിക്കാനാവാത്തത്.“ “സന്തോഷ് എച്ചിക്കാനം രചന നടത്തിയ പല കണ്ണീര്‍ മെഗാസീരിയലുകളും കേരളത്തിലുണ്ടാക്കിയ അത്രയും വല്യ സാഹിത്യ ദുരന്തമൊന്നും ഒരു ബ്ലോഗ്ഗറും ഉണ്ടാക്കിക്കാണില്ല. സന്തോഷിലെ നല്ല എഴുത്തുകാരനെ മറന്നിട്ടല്ല ,എന്നാലും പറയുമ്പോ മുഴുവന്‍ പറയണമല്ലോ ““ബ്ലോഗ് എന്ന മാധ്യമത്തില്‍ നടക്കുന്നതെന്തെന്ന് അറിയാതെ ഒന്നോരണ്ടോ ദിവസം അഗ്ഗ്രിഗേറ്ററിലെ നാലഞ്ചു പോസ്റ്റോ, എഫ്ബി പോലുള്ളിടങ്ങിലെ അപ്ഡേറ്റോ, മാതൃഭൂമി കോളമോ മാത്രം വാ‍യിച്ചാണു പലരുടേയും വിമര്‍ശനം. സന്തോഷിന്റെ മാത്രം കാര്യമല്ലിത്, പൊതുവേ പിന്നാമ്പുറത്ത് ഇലയിട്ടിരുന്ന് ഉണ്ണുന്ന അടിയാനോടുള്ള തമ്പുരാന്റെ പുച്ഛം കലര്‍ന്ന മനോഭാവം ബ്ലോഗ്ഗേഴ്സിനുനേരെ പല ബുദ്ധിജീവികള്‍ക്കുമുണ്ട്. ഈ സോ കോള്‍ഡ് ബുദ്ധിജീവികളുടെ വായനക്കാരില്‍ അറുപത് ശതമാനത്തിലധികവും ബ്ലോഗ്ഗേഴ്സ് ആയിരിക്കും.ഒരു ബ്ലോഗ്ഗര്‍ എന്ന നിലയിലല്ല, ഇരു കൂട്ടരേയും വായിക്കുന്ന വായനക്കരി എന്ന നിലക്കുള്ള അഭിപ്രായമാണിത്.“

ബിജുകുമാര്‍ ആലക്കോട്:

“ബ്ലോഗെഴുത്തുകാര്‍ക്ക് ചില പരിമിതികള്‍ ഉണ്ടെന്നുള്ളത് സത്യമാണ്. എങ്കിലും ബ്ലോഗെഴുത്ത്, എഴുത്തിന്റെ ജനാധിപത്യ രൂപമാണ്. ആരുടെയും ഇടപെടലില്ലാതെ സ്വന്തം ആവിഷ്കാരം നടത്താം. വായനക്കാര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാം. സത്യത്തില്‍ എഴുത്തുകാരനും വായനക്കാരനുമായി യഥാര്‍ത്ഥ സംവേദനം നടക്കുന്നത് ബ്ലോഗിലാണ്. സാമ്പ്രദായിക എഴുത്ത്-പ്രസിദ്ധീകരണരീതികളില്‍ എഡിറ്റര്‍, പ്രസാധകന്‍ എന്നിവരുടെയൊക്കെ കൈകടത്തല്‍ വരുന്നു. അവര്‍ക്കു വേണ്ടപ്പെട്ടവരെ ഉയര്‍ത്താനും താഴ്ത്താനും സാധിയ്ക്കും. അങ്ങനെ ‘ഉയര്‍ന്ന”വരില്‍ ചിലര്‍ക്കാണ് ഇപ്പോള്‍ ബ്ലോഗെഴുത്തുകാര്‍ ചതുര്‍ഥിയായത്. ബ്ലോഗെഴുത്തല്ല, ഏതെഴുത്തായാലും പ്രതിഭയുള്ളവര്‍ക്കേ പിടിച്ചു നില്‍ക്കാനാവൂ. അതുകൊണ്ട് തന്നെ സന്തൊഷിനെപോലെയുള്ളവരുടെ പ്രതികരണം അസ്ഥാനത്തും അനുചിതവുമാണ്. “

സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിയ്ക്കുന്ന “Inquilab Makkal“:

“ബ്ലോഗുകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും സാഹിത്യവും കേരളത്തിനു കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.. എഴുത്തിന്റെ ഈ ഉല്‍സവഭൂമിയില്‍ പിടിച്ച് നില്‍ക്കാന്‍ സാധാരണ പ്രതിഭ പോരാ... അസാമാന്യപ്രതിഭവേണം..
സന്തോഷിന്റെ കൊമാലയെക്കാള്‍ സുന്ദരന്‍ കഥകള്‍ ബ്ലോഗുകളില്‍ വിടര്‍ത്തി വേണം ഇതിനു മറുപടി നല്‍കുവാന്‍... ആടു ജീവിതം എഴുതിയ ബെന്യാമിന്‍ ബ്ലോഗെഴുത്തിലൂടെ തെളിഞ്ഞ ഒരെഴുത്തുകാരന്‍ എന്ന് തോന്നുന്നു...
ബ്ലോഗിലെ പല കവികളും ഇന്ന് ആനുകാലികങ്ങളില്‍ വരുന്നതിനെക്കാള്‍ സുന്ദരമായ കവിതകള്‍ എഴുതി ധീരമായ ചുവടുവെപ്പ് നടത്തുന്നവരാണു. ഈ പരിസരത്ത് അടുക്കാന്‍ കഴിയുന്ന അധികം എഴുത്തുകാരൊന്നും ഇന്ന് മലയാളത്തിന്റെ അച്ചടി മാധ്യമ രംഗത്ത് ഇല്ല. ബ്ലോഗെഴുത്തുകാര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു...ഇവിടെനിന്നാണു ഏറ്റവും പുതിയ വിപ്ലവങ്ങള്‍ ഉണ്ടാവേണ്ടത്.. അത് സംഭവിക്കുക തന്നെ ചെയ്യും.. ഏറ്റവും മൂല്യമാര്‍ന്നവ ഇവിടെ നിന്നും ഉണ്ടാവും... ഇപ്പോള്‍ പിച്ചവെച്ച് തുടങ്ങിയതല്ലേയുള്ളൂ.. സന്തോഷ് ഒന്ന് അടങ്ങ്... പിച്ചവെക്കുന്ന പാദങ്ങള്‍ ഇടറും... അങ്ങനെയാണു നടക്കാന്‍ പഠിക്കുന്നത്. സ്വയം ശീലിക്കുന്ന നടപ്പിനു തപ്പുകൊട്ടാനും പ്രോത്സാഹിപ്പിക്കാനും ബ്ലോഗെഴുത്തുകാര്‍ക്ക് തുണക്കാരില്ല.. സ്വയം ആര്‍ജ്ജിക്കുന്ന കരുത്തില്‍ അവര്‍ വരുമ്പോള്‍ നിങ്ങളൊക്കെ അവിടെ ഉണ്ടാവണേ..“

Sanuj Suseelan

“ എല്ലാ ബ്ലോഗ്ഗര്‍മാരും അങ്ങനെ ആണെന്നല്ല കവി ഉദ്ദേശിച്ചിരിക്കുന്നത്. പക്ഷെ സൂക്ഷിച്ചു നോക്കിയാലറിയാം. ഒരുപാടു പേര്‍ ബ്ലോഗുകള്‍ തുടങ്ങുന്നുണ്ട്. എന്നിട്ട് അഞ്ചോ ആറോ പോസ്റ്റ്‌ കഴിയുമ്പോ പെട്ടി മടക്കും.സ്ഥിരമായി നിലവാരം കാത്തു സൂക്ഷിയ്ക്കുന്ന ബ്ലോഗേഴ്സ് വളരെ കുറവാണ്.“

സ്മിതാബാലകൃഷ്ണന്‍:

“തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ തിളക്കം സൂക്ഷിച്ച എത്ര എഴുത്തുകാരുണ്ട്? പലരും വിരലിലെണ്ണാവുന്ന നല്ല രചനകളുടെ ബലത്തില്‍ പിടിച്ചു നില്‍ക്കുന്നു. പിന്നെ നമ്മള്‍ വായനക്കാര്‍ ചില സൂപ്പര്‍ സ്റ്റാറുകളെയെന്ന പോലെ പലരെയും സഹിക്കുകയാണ്. ഒരാളുടെ വായനയ്ക്ക് വേണ്ടതെല്ലാം ഞങ്ങള്‍ തന്നോളമെന്ന ധാര്‍ഷ്ട്യം ഒരെഴുത്തുകാരനും ചേര്‍ന്നതല്ല.“

വിഷ്ണു പത്മനാഭന്‍:

“ബ്ലോഗെഴുത്തുകാര്‍ക്ക് മുഖ്യധാരാ എഴുത്തുകാരെ ബ്ലോഗിലൂടെ കുറ്റപ്പെടുത്താം , വിമര്‍ശിക്കാം ,പ്രിന്റഡ് മീഡിയയെക്കുറിച്ച് തോന്നിയ പോലെയൊക്കെ പറയാം. ബ്ലോഗിന്റെ ജനാധിപത്യത്തെക്കുറിച്ചും അതിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാവാം . അവസാനം കുറെ ...ബ്ലോഗെഴുതി ആരെയെങ്കിലും സോപ്പിട്ട് ഒരു ബുക്ക് പടച്ചിറക്കി തന്റെ കോക്കസ്സിലുള്ള കുറെ ബ്ലോഗേഴ്സിനെക്കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുന്നതോടെ തീരുന്നു ഈ ബ്ലോഗ് ജനാധിപത്യം . അങ്ങനെ കാശുള്ളത് കൊണ്ട് മാത്രം എത്ര ചവറ് ബ്ലോഗുകള്‍ പുസ്തകങ്ങളായിരിക്കുന്നു . ഇലക്ട്രോണീക് മീഡിയയാണ് പ്രിന്റഡ് മീഡിയയെക്കാള്‍ ശക്തിയെന്ന് വാദമുഖങ്ങള്‍ നിരത്തി വാദിക്കുന്നവരും മാതൃഭൂമിയുടെ ബ്ലോഗനയിലൊന്ന് വരാന്‍ വേണ്ടി മാത്രം സ്വപ്നം കണ്ട് കഴിയും.

 ബ്ലോഗേഴ്സിന്റെ ഇടയില്‍ നല്ല കോക്കസ്സുണ്ട് , ഓരോ ടീമുകളാണ് ,ചിലര്‍ അതിലൊന്നും പെടാതെ പോകും , ഇത്തിരി പോന്ന ഈ മലയാളം ബ്ലോഗുകളില്‍ എത്ര ബ്ലോഗ് സംഘടനകളുണ്ടെന്ന് വല്ല തിട്ടവുമുണ്ടോ , എന്‍ എസ് മാധവനാകട്ടെ സന്തോഷ് എച്ചിക്കാനമാകട്ടെ പറയുന്ന വിമര്‍ശനങ്ങളെ യുക്തിപരമായി സമീപിക്കാതെ അവരെഴുതിയ കണ്ണീര്‍ സീരിയലുകളുടെ ഗുണ നിലവാരത്തെ പറ്റി പറയുന്നതിലെന്ത് കാര്യം ? ചെറുകഥയെഴുതി ജീവിക്കാന്‍ പറ്റില്ലയെന്നുള്ളത് സത്യമാണ് , അത് കൊണ്ട് സീരിയലെഴുതുന്നു.

വിമര്‍ശനങ്ങളില്‍ ഒരു പ്രധാന കാര്യം - ബ്ലോഗെഴുത്തുകാര്‍ വാല്‍ നക്ഷത്രം പോലെയാണ് എന്നുള്ളതാണ് - മലയാളം ബ്ലോഗിങ്ങ് സജീവമായി നില നില്‍ക്കാന്‍ തുടങ്ങിയിട്ട് 5 വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് എന്റെ കണക്ക് കൂട്ടല്‍. ഈ അഞ്ച് വര്‍ഷത്തില്‍ എഴുത്തില്‍ നിലവാരം കാത്ത് സൂക്ഷിക്കുന്ന നൈരന്തര്യമുള്ള ഏതെങ്കിലും സര്‍ഗ്ഗാത്മക ബ്ലോഗര്‍ ഉണ്ടോ ? അറിയാത്തത് കൊണ്ടാണ് ചോദ്യം . ചിലര്‍ എഴുതുന്നു പെട്ടെന്ന് പ്രശസ്തരാവുന്നു...ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം അജ്ഞാതരാകുകയോ നിര്‍ജ്ജീവമാവുംകയോ ചെയ്യുന്നു .മുഖ്യധാരയിലെ എഴുത്തുകാര്‍ ഒന്ന് രണ്ട് വര്‍ഷം കൊണ്ട് അറിയപ്പെടുന്നവരല്ല ,വര്‍ഷ്ങ്ങള്‍ നീണ്ട് വര്‍ഷങ്ങള്‍ എടുത്താണ് അവരാ നിലയിലേക്കെത്തുന്നത് . അത് കൊണ്ട് തന്നെ ആ വിമര്‍ശനത്തില്‍ അല്ലെങ്കില്‍ കാഴ്ചപ്പാടില്‍ കാര്യമുണ്ട് എന്ന് തന്നെ കരുതുന്നു .ബ്ലോഗറായത് കൊണ്ട് ആവേശം കൊള്ളേണ്ട കാര്യമില്ല.

ബ്ലൊഗെഴുത്തുകാരെ അവരുടെ പാട്ടിന് വിട്ട് കൂടെ എന്ന ചോദ്യം അപ്രസക്തമാണ് - ബ്ലോഗെഴുത്തുകാരെ പരിഗണിക്കണമെന്നു പറഞ്ഞ് സാഹിത്യ അക്കാദമിയിലേക്ക് ഒരു ഭീമ ഹര്‍ജി തയ്യാറായത് ഈയിടെ ഓണ്‍ ലൈനില്‍ കണ്ടിരുന്നു . അപ്പോള്‍ സജീവ സാഹിത്യ മണ്ഡലത്തിലേക്ക് ബ്ലോഗിങ്ങിനെ കടത്തി വിടണമെന്ന ബ്ലോഗെഴുത്തുകാരുടെ നിരന്തര നിലവിളി നിലനില്‍ക്കുന്നുണ്ട് , എന്നിട്ടൂം ബ്ലോഗെഴുത്തുകാരെ അവരുടെ പാട്ടിന് വിട്ട് കൂടെ എന്ന ചോദ്യം ഇരട്ടത്താപ്പാണ് . ബ്ലോഗിന് മുഖ്യധാരാ സാഹിത്യ മണ്ഡലത്തില്‍ ഭാഗഭാക്കാവണം , പക്ഷെ വിമര്‍ശനങ്ങള്‍ ഏല്‍ക്കാന്‍ ഞങ്ങള്‍ക്ക് വയ്യ , തളര്‍ന്ന് വാടിപ്പോകും അല്ലെ?

ഇവിടെ മുഖ്യധാരയില്‍ നിന്ന് ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവിലും ,ബാലചന്ദ്രന്‍ ചുള്ളിക്കാടുമെല്ലാം വന്നപ്പോള്‍ തുടക്കത്തില്‍ വളരെ ഹീനമായ രീതിയിലാണ് മറ്റ് ബ്ലോഗെഴുത്തുകാര്‍ പ്രതികരിച്ചിരുന്നത് , എല്ലാവരുമല്ല ചിലരെങ്കിലും ചില ഗ്രൂപ്പുകളെങ്കിലും...ഓര്‍മ്മയുണ്ടായിരിക്കണം . സച്ചിദാനന്ദന്‍ ബ്ലോഗെഴുതുന്നുണ്ട് , കാരശേരിക്കുണ്ട് , സുസ്മേഷ് ചന്ദ്രോത്തിനുണ്ട് , പിന്നെയും കുറെ എഴുത്തുകാര്‍ക്കുണ്ട് , ഇവരെയാരെയും മുഖ്യധാരാ എഴുത്തുകാരായത് കൊണ്ട് ബ്ലോഗില്‍ പ്രത്യേകിച്ച് പ്രാധാന്യമൊന്നും കൊടുത്ത് കണ്ടിട്ടില്ല ...അപ്പോള്‍ മുഖ്യധാരയായാലും ബ്ലോഗായാലും ആ മേഖലയില്‍ എങ്ങനെ പെര്‍ഫോം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.“

പ്രസക്തമെന്നു തോന്നിയ ചില കമന്റുകള്‍ ആണ് ഇവിടെയിട്ടത്. ഫേസ്ബുക്കില്‍ ചര്‍ച്ച തുടരുന്നു. 

ബ്ലോഗിന്റെയും ബ്ലോഗര്‍മാരുടെയും പ്രസക്തിയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വിഷ്ണു പത്മനാഭന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഓരോ ബ്ലോഗര്‍ക്കും ബാധ്യതയുണ്ടെന്നു തോന്നുന്നു.

29 comments:

ബിജുകുമാര്‍ alakode said...

എല്ലാവരുറ്റെയും പ്രതികരണം പ്രതീക്ഷിയ്ക്കുന്നു.
കഴിയുന്നതും ഷെയര്‍ ചെയ്യുക

ബെഞ്ചാലി said...

“സൈബര്‌്ക പെയ്‌സിന്റെ വലയില്‍ കുടുങ്ങി അവസാനിക്കാന്‍ മാത്രം ദുര്ബ്ലനായ ഒരു നിഷ്‌കളങ്ക മൃഗമല്ല സാഹിത്യം.!!“ .. എന്താപ്പത്? പണ്ടെത്തെ പോലെയാണോ ഇന്നത്തെ കാലം? മനുഷ്യർ ജനിച്ച് വീഴുന്നത് തന്നെ കമ്പ്യൂട്ടറിന്റെ മുന്നിലേക്കല്ലെ.. അതല്ല, ഈ ശേഷിയും ഔലോസും പത്രാസുമൊക്കെ കടലാസിലെഴുതിയാലെ വളരൂന്നുണ്ടൊ! സർഗാത്മക ശേഷിയുള്ളവരെ ബ്ളോഗറെന്നോ കടലാസ് പുലികളെന്നോ വേർത്തിരിച്ച് കൊച്ചാക്കാൻ പറ്റോ? ഏത് ബ്ളോഗറാ സ്വന്തം രചനകളെ ആത്മാവിലേറ്റി നടക്കാത്തത്? എഴുതട്ടെ, വളരട്ടെ ചിന്തകൾ... കുറഞ്ഞത് കടലാസ് പുലികളുടെ ചവറുകളിൽ നിന്ന് നല്ലത് തിരഞ്ഞെടുക്കാനെങ്കിലും പഠിക്കട്ടെ...

u can read here also. @ http://www.muktharuda.co.cc/2011/02/blog-post.html

നിരക്ഷരൻ said...

എൻ.എസ്.മാധവൻ എത്ര ബ്ലോഗുകൾ കണ്ടെന്നും മനസ്സിലാക്കിയെന്നും ആദ്യം ചോദിച്ച് അറിയേണ്ടിയിരിക്കുന്നു. ബ്ലോഗിന് വെളിയിലുള്ളവർ ആരും തന്നെ, ബ്ലോഗ് എന്താണെന്നും (മലയാളം ബ്ലോഗുകളുടെ കാര്യമാണ് പറയുന്നത്) നന്നായി പഠിച്ച് മനസ്സിലാക്കി അഭിപ്രായം പറഞ്ഞതായി ഇതുവരെ ഒരിടത്തും കണ്ടിട്ടില്ല. അതുപോലൊന്ന് മാത്രമായി മാത്രം എൻ.എസ്.മാധവന്റെ അഭിപ്രായത്തേയും കാണുന്നു. ഇക്കൂട്ടരൊക്കെയും ഇതേപറ്റി കൂടുതലൊന്നും മനസ്സിലാക്കിയില്ലെങ്കിലും ഇങ്ങനൊന്ന് ഉണ്ടെന്ന് കേട്ടുതുടങ്ങിയിരിക്കുന്നു എന്നത് തന്നെ നല്ല ഒരു സൂചനയാണ്. അധികം താമസിയാതെ മനസ്സിലാക്കാത്ത കാര്യങ്ങൾ താനേ മനസ്സിലാക്കിക്കോളും.

pravasi said...

മുഖ്യധാര (?) എഴുത്തുകാര്‍ ബ്ലോഗെഴുത്തിനെ എന്തിനു ഭയക്കുന്നു? നൈരന്തര്യം മുഖ്യധാരാ എഴുത്തുകാരിലെന്നല്ല ആര്‍ക്കും പറ്റുമെന്നു തോന്നുന്നുമില്ല. ചിലപ്പോള്‍ കുറച്ചുനാളുകള്‍ക്കു ശേഷം വേറെ മീഡിയ വന്നുകൂടായ്കയില്ല, ഈ പറഞ്ഞ എല്ലാരും അങോട്ടു ചേക്കേറിയെന്നും വരാം. വെബ് മീഡിയയുടെ പ്രാധാന്യം ഒട്ടും കുറച്ചുകാണരുത്. നിലവാരമില്ലാത്ത ബ്ലോഗുകള്‍ പോലെ എത്ര ചവറുകള്‍ പ്രിന്റ് മീഡിയയിലൂടെ ഇറക്കുന്നുണ്ട്? പിന്നെ ഗ്രൂപ്പിന്റെ കാര്യം-ഒരേ ആശയങ്ങളോ അഭിപ്രായങ്ങളോ ഉള്ളവര്‍ തീര്‍ച്ചയായും ഒരേ രീതിയില്‍ ചിന്തിച്ചെന്നോ സംവദിച്ചെന്നോ വരും. എന്നിരിക്കിലും ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ ആരോഗ്യപരമായ പിന്തുണയേ ഞാന്‍ കണ്ടിട്ടുള്ളൂ..

nilamburkaran said...

നേരില്‍ കണ്ടതും പറഞ്ഞു കേട്ടതും സ്വന്തമായി വികസിപിചെടുതതുമായ ചില കാര്യങ്ങള്‍ എഴുതി വെക്കുമ്പോഴുള്ള ഒരു രസം, അത് ആരോടെങ്കിലും ഒക്കെ ഷെയര്‍ ചെയ്യുമ്പോളുള്ള ഒരു സന്തോഷം പിന്നെ നമ്മുടെ നാടിനെയും നാട്ടുകാരയും ഒക്കെ പരിചയപ്പെടുത്തുമ്പോള്‍ ഉള്ള ഒരു സുഖം ഇങ്ങനെ കുറെ രസങ്ങള്‍ മാത്രം ആണ് എനിക്ക് ബ്ലോഗ്‌ ഇല്‍ നിന്ന് കിട്ടുന്നത്. പിന്നെ നാട്ടുകാര്‍ക് എന്തെങ്കിലും ഉപകാരം ചെയ്യണം എന്നുണ്ട്.... നമ്മള്‍ ജീവിച്ചിരിക്കുന്നു എന്ന് ഇന്നും ജീവിച്ചിരുന്നു എന്ന് നാളെയും നാട്ടുകാരെ കൊണ്ട് നല്ലത് പറയിക്കാന്‍ ഉള്ള ഒരു ശ്രമം... ആണുങ്ങള്‍ ഒക്കെ " എന്റെ വീട് എന്റെ ലോണ്‍ എന്റെ ഇന്ക്രെമെന്റ്റ് .......എന്റെ അറിയേര്‍ ശ് ..." എന്നും പെണ്ണുങ്ങള്‍ ഒക്കെ " ഞാനും കെട്ട്യോനും കുട്ട്യേളും തട്ടാനും ...." എന്നും മാത്രം ചിന്തിച്ചാല്‍ ഒരു രസവും ഇല്ലല്ലോ ലോകത്ത്...എനിക്കിഷ്ടമുള്ളത് എഴുതാന്‍ സ്വാന്ത്ര്യമുള്ളതു കൊണ്ടാണ് ഞാന്‍ ബ്ലോഗ് ചെയ്യുന്നത്. എന്നാല്‍ ആ സ്വാതന്ത്ര്യം തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന് ചിലര്‍ അടിസ്ഥാനമില്ലാതെ വിശ്വസിക്കുന്നതുകൊണ്ടാണ് നമുക്കിടയില്‍ ഇടയ്‍ക്ക് സംഘര്‍ഷങ്ങളുണ്ടാവുന്നത്... നമുക്ക് അതിര്‍വരമ്പുകള്‍ ഇടാനും രേഖകള്‍ വരക്കാനും നമ്മള്‍ ആരെയും ചുമതല പെടുതിയിറ്റൊന്നും ഇല്ലല്ലോ. ഇഷ്ടം ഉള്ളവന്‍ വായിച്ചാല്‍ മതി.... ഒരു പരിധി വിട്ടാല്‍ ഏതു അവനോടും "പോടാ പുല്ലേ .." എന്ന് പറയേണ്ടി വരും

Anonymous said...

Blog is a good media for friendship.It never Dead.Blogger is easier than wordpress.

സുഗന്ധി said...

എഴുതാന്‍ തക്ക അനുഭവങ്ങളും അനുകരണമല്ലാത്ത ഒരു ശൈലിയും സ്വന്തമായുണ്ടെങ്കില്‍ എന്തിനു മറ്റ് എഴുത്തുകാരെ ഭയക്കണം?
ബ്ലോഗെഴുത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നതു കാണുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു.സന്തോഷിലെ സര്‍ഗ്ഗാത്മകവെളിച്ചത്തെ ആദരിക്കുന്നു..എങ്കിലും കാലത്തെയും മാറ്റങ്ങളെയും അംഗീകരിക്കൂ..
പതിനഞ്ചു ലക്ഷത്തോളം ഹിറ്റുകളുള്ള പ്രശസ്തയും ബ്ലോഗെഴുത്തുകാരിയായ മകള്‍ മീനാക്ഷിയെപ്പറ്റി എന്‍.എസ് മാധവന്‍ അഭിമാനപൂര്‍വ്വം പറയുന്നതും കേട്ടിട്ടുണ്ട് .

ബിജുകുമാര്‍ alakode said...

വിഷ്ണുപത്മനാഭന്റെ വിമര്‍ശനങ്ങളിലൂടെ കടന്നു പോകാന്‍ ഇപ്പോഴാണ് സമയം ലഭിച്ചത്. ആദ്യമേ തന്നെ പറയട്ടെ, അദ്ദേഹത്തിന്റെ ചില വിമര്‍ശനങ്ങളില്‍ കുറെയൊക്കെ കഴമ്പുണ്ട് എന്ന് സമ്മതിയ്ക്കാന്‍ ഞാന്‍ മടിയ്ക്കുന്നില്ല. എന്നാല്‍ മറ്റു ചില വാദങ്ങള്‍ അടിസ്ഥാനരഹിതമാണ്.

---അവിടെയാണ് ഞാന്‍ നേരത്തെ പറഞ്ഞ ബ്ലോഗെഴുത്തുകാരുടെ ഭീമഹര്‍ജിയെന്ന ഇരട്ടത്താപ്പ് നില നില്‍ക്കുന്നത് , ഞങ്ങളെക്കൂടി പരിഗണിക്കണമെന്ന നിലവിളി നില നില്‍ക്കുന്നത് .പ്രിന്റഡ് മീഡിയയെ കുറ്റം പറഞ്ഞ് മാതൃഭൂമിയിലെ ബ്ലോഗനയില്‍ വര്രുമ്പോള്‍ ആനന്ദ പുളകിതരായി സ്കാന്‍ ചെയ്തിടുന്നത് ..---

ബ്ലോഗെഴുത്ത് എന്നത് രണ്ടാം തരം എന്ന മുന്‍‌വിധിയോടെ ആണ് ഈ അഭിപ്രായപ്രകടനം. ഒന്നാമതായി പ്രിന്റഡ് മീഡിയയെ ബ്ലോഗര്‍മാര്‍ ആരും കുറ്റം പറയുന്നില്ല. ചവറുകളെ വിമര്‍ശിയ്ക്കാറുണ്ടാകാം. ഒന്ന് കടലാസിലും മറ്റേത് കമ്പ്യൂട്ടറിലുമെന്നതില്‍ കവിഞ്ഞ് എന്തു വ്യത്യാസമാണ് എഴുത്തിന്? ബ്ലോഗിനായി പ്രത്യേക ലിപിയോ ശൈലികളോ ഒന്നുമില്ല. വായനക്കാരനെ സംബന്ധിച്ച് രണ്ടും ഒന്നു തന്നെ. തികച്ചും പുതിയ ഒരു രീതി എന്ന നിലയില്‍, മലയാള സാഹിത്യ രംഗത്തു നിന്നും കമ്പ്യൂട്ടര്‍ എഴുത്തുകാര്‍ കടലാസെഴുത്തുകാരില്‍ നിന്നും നേരിടുന്ന വിവേചനം തന്നെയാണ് ഭീമഹരജിയുടെ കാതല്‍. മാതൃഭൂമിയുടെ ബ്ലോഗന വലിയ ആനക്കാര്യമായി കാണുന്നവര്‍ ഉണ്ടാകാം, എല്ലാവരും അങ്ങനെയല്ല. മറ്റൊന്ന് പ്രിന്റഡ് മീഡിയയ്ക്ക്, വെബ് മീഡിയയെ അപേക്ഷിച്ചുള്ള ചില സാധ്യതകളാണ്. ലക്ഷക്കണക്കിന് കോപ്പികളിലൂടെ സാധാരണക്കാരിലും അത് എത്തുന്നു. വെബ് മീഡിയയില്‍ അത് ചുരുക്കം ചിലരിലേ എത്തുന്നുള്ളു. അതുകൊണ്ടു തന്നെ, ബ്ലോഗനയില്‍ വരുമ്പോള്‍ എഴുതിയ ആള്‍ ആഹ്ലാദിച്ചെങ്കില്‍ അത് ക്രിമിനല്‍ കുറ്റമല്ല.

ബിജുകുമാര്‍ alakode said...

---സന്തോഷ് പ്രധാനമായും പറഞ്ഞത് നിലവാരതകര്‍ച്ചയെപ്പറ്റി അല്ല - വാല്‍ നക്ഷത്രം പോലെ പൊലിഞ്ഞ് പോകുന്ന സര്‍ഗ്ഗാത്മകതയെപറ്റിയാണ് , ബ്ലോഗെഴുത്തുകാരില്‍ അങ്ങനെയല്ലാത്ത എത്ര പേരുണ്ട് ?----

ഹാ, ഈ ചോദ്യങ്ങളാണ് അസലായത്..!! സര്‍ഗാത്മകതയില്ലായ്മ തന്നെയല്ലേ നിലവാരതകര്‍ച്ച? അതോ മറ്റു വല്ലതുമാണോ? എന്റെ സുഹൃത്തെ, വിമര്‍ശനം കോരിചൊരിയും മുന്‍പ് ബ്ലോഗെഴുത്തും കടലാസെഴുത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കൂ. സ്വന്തം രചന, എത്രമോശപ്പെട്ടതുമാകട്ടെ, മറ്റുള്ളവര്‍ക്കുകൂടി വായിയ്ക്കാനുള്ള അവസരമൊരുക്കലാണ് ബ്ലോഗെഴുത്ത്, പ്രതിഫലത്തിനോ പ്രശസ്തിയ്ക്കോ അല്ലാതെ. മറിച്ച് കടലാസെഴുത്ത്, അതിനെ ഗൌരവമായി കാണുന്നവരുടേതു മാത്രം. അതില്‍ നിന്നും പ്രസാധകനു താല്പര്യമുള്ളതേ വെളിച്ചം കാണൂ. വെട്ടിത്തെളിയ്ക്കാത്ത വനപ്രദേശവും, മണ്ണൊരുക്കി നിരനിരയായി തടമെടുത്ത് വാഴ നടുന്നതും പോലുള്ള വ്യത്യാസം. തോട്ടത്തില്‍ കളപറിയ്ക്കലും വളമിടലും നനയ്ക്കലും നടക്കുന്നുണ്ടാവാം. തീര്‍ച്ചയായും നിങ്ങള്‍ക്കു പറയാം വാഴത്തോട്ടത്തിന്റെ അടുക്കും ചിട്ടയും തഴപ്പും വനത്തിനില്ല എന്ന്. എന്നാല്‍ വനത്തിന്റെ നൈസര്‍ഗികതയോ ശാലീനതയോ വാഴത്തോട്ടത്തില്‍ കണ്ടെന്നും വരില്ല. കുറെക്കാലം മുന്‍പുവരെ ഗായകര്‍ എന്നു പറഞ്ഞാല്‍ യേശുദാസ് തൊട്ട് നാലഞ്ചുപേര്‍ മാത്രം. എന്നാലിന്നോ, മാധ്യമസാധ്യതകള്‍ വര്‍ദ്ധിച്ചതോടെ, ആയിരക്കണക്കിനു പ്രതിഭകളെ നാം കാണുന്നു. അഞ്ചു വയസ്സുള്ള അത്ഭുതഗായകര്‍, ഇല്ലായ്മകളില്‍ നിന്നും കണ്ടെടുക്കപ്പെടുന്നു. അവരെയും അധിക്ഷെപിയ്ക്കാന്‍ ആളുണ്ടല്ലോ..

സര്‍ഗാത്മകതയുടെ അളവുകോല്‍ കടലാസില്‍ എഴുതലാണെന്ന് എനിയ്ക്കു തോന്നുന്നില്ല. ഇന്നത്തെ പേരുകേട്ട പല കടലാസെഴുത്തുകാരുടെയും കൊള്ളാവുന്ന ബ്ലോഗെഴുത്തുകാരുടെയും രചനകള്‍ അവരുടെ പേരു വയ്ക്കാതെ മൂന്നമതൊരാള്‍ക്കു വായിയ്ക്കാന്‍ കൊടുക്കൂ, ഞാന്‍ ഉറപ്പിച്ചു പറയാം, പല കടലാസുകാരെക്കാളും മെച്ചമായിരിയ്ക്കും ബ്ലോഗുകാരുടേത്.

ബിജുകുമാര്‍ alakode said...

---കോക്കസ്സ് , ഗൂഡാലോചന ഇതൊക്കെ മുഖ്യധാരയിലുമുണ്ടാകാം , അത് മനുഷ്യ സഹജം , പക്ഷെ ബ്ലോഗേഴ്സിന്റെ അത്രക്കധികമുണ്ടെന്ന് തോന്നുന്നില്ല , നാല് പേര് ചേര്‍ന്നാലൊരു ഗ്രൂപ്പായി ഇവിടെ---

ഇദ്ദേഹം ഏതു നാട്ടിലാണ്? ഇവിടുത്തെ കൊടികെട്ടിയ എഴുത്തുകാരുടെ അത്രയും കോക്കസും കുതികാല്‍ വെട്ടും രാഷ്ട്രീയപാര്‍ട്ടികളില്‍ ഉണ്ടോ? ടി.പത്മനാഭന്‍, എം.ടി, പുനത്തില്‍, അഴീക്കോട്, സക്കറിയ.. ലിസ്റ്റ് നീട്ടണോ? മലയാളത്തില്‍ ഒരാള്‍ക്കു ജ്ഞാനപീഠം കിട്ടിയപ്പോള്‍ അതിനെ അധിക്ഷേപിച്ചതു മുഴുവന്‍ കടലാസെഴുത്തുകാര്‍ തന്നെയാണ്. മറിച്ച് ബ്ലോഗില്‍ അദ്ദേഹത്തെ ആദരിയ്ക്കുകയായിരുന്നു. തന്നെയുമല്ല, ബ്ലോഗര്‍മാരില്‍ കോക്കസൊക്കെ ബ്ലോഗിലെയുള്ളു. നേരില്‍ അവര്‍ കൂട്ടായ്മകളും സ്നേഹ സംവാദങ്ങളും സംഘടിപ്പിയ്ക്കുന്നുണ്ട്.

ജീവിതകാലം മുഴുവന്‍ ഒരേ പ്രതിഭനിലനിര്‍ത്തിയ, അല്ലെങ്കില്‍ എഴുതിയതു മുഴുവന്‍ മഹത്താക്കിയ എത്ര പേരുണ്ട്, പറഞ്ഞു തരാമോ? ഒന്നോ രണ്ടോ നല്ല കഥകള്‍ എഴുതിയ ആള്‍ ബാക്കി മുഴുവന്‍ ചവറു സീരിയല്‍ എഴുതിയാലും സര്‍ഗാത്മകതയ്ക്കു കുഴപ്പമില്ല, എന്നാല്‍ ബ്ലോഗുകാര്‍ ആയുഷ്കാലം മൊത്തം എഴുതിയാലും അതൊട്ടില്ല താനും..! പ്രതിഭയുള്ളവന്റെ ഒരൊറ്റ കൃതിമാത്രം മതി അയാള്‍ ഓര്‍മ്മിയ്ക്കപെടാന്‍. ആടുജീവിതം മാത്രം മതി ബെന്യാമിന്‍ ഇനിയുള്ള കാലം നിലനില്‍ക്കാന്‍...

സനൂജ് സുശീലന്റെ ഈ വാക്കുകള്‍ യാഥര്‍ത്ഥ്യം വിളിച്ചോതുന്നു: “പുറത്തുള്ള സാഹിത്യകാരന്മാരെ പോലെയോ അതോ അതിലധികവുമോ മികവു പുലര്‍ത്തുന്ന ഒരുപാടു രചനകള്‍ ബ്ലോഗുകളില്‍ ഉണ്ട്.
അത് ആര്‍ക്കും നിഷേധിക്കാനാവില്ല. കടലാസിനു പകരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു എന്നല്ലാതെ പ്രതിഭയ്ക്ക് മാറ്റം ഒന്നും സംഭവിക്കുന്നില്ല. നൈസര്‍ഗികമായ കഴിവുകള്‍ക്ക് മാധ്യമം ഒരു പ്രതിബന്ധം അല്ല.“

മറ്റൊന്ന്, ബ്ലോഗെഴുത്തുകള്‍ സാഹിത്യം മാത്രമല്ല എന്നതാണ്. ബദല്‍ മാധ്യമം കൂടിയാണ്. തീവ്രമായ ചര്‍ച്ചകള്‍ അവിടെ നടപ്പുണ്ട്. എന്തിന് വ്യവസ്ഥാപിത പത്രങ്ങളെ തിരുത്താന്‍ കൂടി ബ്ലോഗര്‍മാക്ക് കഴിഞ്ഞിരിയ്ക്കുന്നു. കുറച്ചു നാള്‍ മുന്‍പ് ഐ.എ.എസ്. “നേടിയ“ ഒരു പാവപ്പെട്ടവനെപറ്റി മാതൃഭൂമി പത്രം ലേഖനമെഴുതി. ആളെ അങ്ങു പൊക്കി വലുതാക്കി. എന്നാല്‍ ഒരു കൂട്ടം ബ്ലോഗര്‍മാര്‍ നടത്തിയ അന്വേഷണത്തില്‍ അയാള്‍ ഐ.എ.എസ്. നേടിയിട്ടില്ല എന്നും ഒരു തട്ടിപ്പുകാരനാണ് എന്നും തെളിഞ്ഞു. ഒടുക്കം മാതൃഭൂമിയ്ക്ക് വാര്‍ത്ത തിരുത്തേണ്ടി വന്നു. ശാസ്ത്ര സംബന്ധിയായ വിഷയങ്ങളില്‍ ബ്ലോഗുകളില്‍ നടക്കുന്ന ചര്‍ച്ച പ്രിന്റഡ് മീഡിയയേക്കാള്‍ എത്രയോ ഉന്നതമാണ്..!

ഇതൊന്നും അറിയാനോ പഠിയ്ക്കാനോ മെനക്കെടാതെ ബ്ലോഗെഴുത്തെല്ലാം നിലവാരമില്ലാത്തതാണേ എന്നു വിളിച്ചു കൂവുന്നവരോട് സഹതപിയ്ക്കുകയല്ലാതെ എന്തു ചെയ്യാന്‍. പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വരുന്നു, “ശ്വാനന്മാര്‍ ഓരിയിടും, സാര്‍ത്ഥവാഹക സംഘം മുന്നോട്ടു പോകും.“

ആല്‍കെമിസ്റ്റ് said...

ബുക്കില് ചര്‍ച്ചയില്‍ പങ്കെടുത്ത വിഷ്ണു ഞാനാണ് -
ബിജുവിന്റെ ആത്മരോഷം മനസ്സിലാക്കുന്നു - അടുത്ത് തന്നെ ബുക്ക് ഇറക്കുന്നു എന്ന് ഇന്നാളൊരിക്കല്‍ പറയുന്നത് കേട്ടു - നല്ലത് - ബ്ലൊഗിന്റെ ശക്തിയില്‍ വിശ്വാസം പോരാ അല്ലെ .വിമര്‍ശനങ്ങളെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വികാരം കൊണ്ടത് കൊണ്ട് എന്ത് കാര്യം സഖാവെ ?

സന്തോഷ് എച്ചിക്കാനം പറഞ്ഞത്ത് “ വാല്‍ നക്ഷത്രം പോലെ പൊലിഞ്ഞ് പോകുന്ന സര്‍ഗ്ഗാത്മകതയെപറ്റിയാണ് “ പൊലിഞ്ഞ് പോകുന്ന സര്‍ഗ്ഗാത്മകതയും നിലവാരതകര്‍ച്ചയും വ്യത്യാസമുണ്ട് , ഒരു നിലവാരവുമില്ലാതെ എഴുതി നിറക്കുന്നു എന്നല്ലല്ലോ അയാള്‍ പറഞ്ഞത് .
ബ്ലൊഗ് ഒരു സമാന്തര മാധ്യമം തന്നെയാണ് , അതിന് ശക്തിയുണ്ട് - ഇല്ലെന്നാരും പറയുന്ന്നില്ല , പക്ഷെ വിമര്‍ശനങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് തൊല്‍പ്പിക്കുന്നതിനെക്കാള്‍ വിമര്‍ശനങ്ങളുടെ അടിസ്ഥാനം തെറ്റെന്ന് തെളിയിക്കുന്ന ഒരു കാര്യം ചൂണ്ടിക്കാട്ടുകയല്ലെ , ബ്ലൊഗിന് ഫിക്ഷനെക്കാള്‍ നല്ലത് നോണ്‍ ഫിക്ഷന്‍ ആണ് - അതൊരു വാസ്തവമാണ്

കാക്കത്തൊള്ളായിരം ബ്ലോഗേഴ്സിനെ മുഴുവന്‍ പഠിച്ചിട്ട് ഒരു കാര്യത്തിന് അഭിപ്രായം പറയണമെന്നെനിക്ക് തോന്നുന്നില്ല .
എനിക്കു ബ്ലോഗുണ്ട് - എന്ന് കരുതി യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കുന്നതിലര്‍ത്ഥമില്ല -ശ്വാനന്മാര്‍ ഓരിയിടും, സാര്‍ത്ഥവാഹക സംഘം മുന്നോട്ടു പോകും.“ ഇതിലും യോജിക്കുന്ന ഒരു ഫ്രേയ്സ് കിണറ്റിലെ തവളകള്‍ എന്നാണ് . :)

JIGISH said...

എഴുത്തിന് ബ്ലോഗെന്നോ ബ്ലോഗിനു പുറത്തുള്ള അച്ചടിമാധ്യമമെ ന്നോ ഉള്ള വിഭജനമൊന്നും കൽ‌പ്പിക്കേണ്ട കാര്യമില്ല. രണ്ടി ടത്തും മികച്ച രചനകൾ മാത്രമേ കാലത്തെ അതിജീവിക്കൂ..! ചവറുകൾ രണ്ടിടത്തുമുണ്ട് താനും.! മികച്ച എഴുത്തുകാർ തങ്ങളുടെ രചനകൾ അച്ചടിമാധ്യമത്തിലും ഒപ്പം സ്വന്തം ബ്ലോഗിലും പ്രസിദ്ധീകരിക്കാറില്ലേ..? അപ്പോൾപ്പിന്നെ, ഈ ചർച്ച ഒരൽ‌പ്പം അമച്വർ ആയി പ്പോയില്ലേ..? ഏതാനും വർഷങ്ങൾ കൂടി കഴിഞ്ഞാലേ, ബ്ലോഗിന്റെ ഗുണനിലവാരത്തെപ്പറ്റി ആധികാരികമായിപ്പറയാൻ കഴിയൂ..!

Jeevan said...

http://www.hallaboal.blogspot.com/
ഈ മുകളില്‍ കാണുന്ന ബ്ലോഗ്‌ ഞാന്‍ നടത്തുന്നതാണ്..തികച്ചും സാമൂഹ്യ പ്രതിബദ്ധതയോടെ എഴുതുന്ന ഒന്നാണത്..ആര്‍ക്കും അവിടെ എന്ത് വിമര്‍ശനവും നടത്താവുന്നതുമാണ്..ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നെഴുതുന്നു..ഇത്... എന്റെ ബ്ലോഗ്ഗിന്റെ പരസ്യമല്ല..ബ്ലോഗെഴുത്തിലെ സാമോഹ്യ പ്രതിബദ്ധതയെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു ചെറിയ മറുപടി ആണ്..ഇത് അത്രയും മഹത്തരമായ ഒരു ബ്ലോഗ്‌ ആയും കാണുന്നില്ല..എന്നെ കൊണ്ടാവുന്ന കുറച്ചു കാര്യങ്ങള്‍ ചെയ്യുന്നു..അത്രമാത്രം..

ഇനി ഈ ബ്ലോഗ്‌ നോക്കു
http://hisahave.blogspot.com/

സഖാവ് ഇന്ക്വിലാബിന്‍ മക്കള്ളുടെ ബ്ലോഗ്‌ ആണിത്..ഒരു പക്ഷെ ആരും ശ്രദ്ധിക്കാത്ത ഒന്ന്..പൈങ്കിളി നിലവാരത്തില്‍ സന്തോഷിക്കുന്നവര്‍ക്ക് ശ്രദ്ധിക്കാന്‍ തോന്നാത്തതുമായ ഒന്ന്..ഇത് ഉയര്‍ത്തുന്ന ചോദ്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും ഇവിടത്തെ മുഖ്യധാര എഴുത്തുകാരും മാധ്യമങ്ങളും ഉയര്തുന്നുടോ എന്ന് സംശയിക്കുന്നു..

ittittippullu.blogspot.കോം

മലയാളികള്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ എന്‍.പ്രഭാകരന്റെ ബ്ലോഗ്‌ ആണിത്..ബ്ലോഗ്‌ ലോകം ഇത് ശ്രദ്ധിച്ചു കാണില്ല..അവസരങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല..എന്‍.പ്രഭാകരന്‍ ബ്ലോഗ്ഗില്‍ എഴുതുന്നത്..പലതും തുറന്നു പറയാനുള്ള ഒരു വേദിയായി ബ്ലോബ് മാറി കഴിഞ്ഞു എന്നത് യാതാര്ത്യമാണ്..ഇത് അന്ഗീകരിക്കാതെ ഇരിക്കുന്നതിനെ ശുദ്ധ വിഡ്ഢിത്തം എന്നെ പറയാന്‍ കഴിയൂ..
ഇനിയും നോക്കേണ്ട പല ബ്ലോഗുകളും ഉണ്ട്..എത്രത്തോളം സാമൂഹ്യ വിഷയങ്ങളിലേക്ക് അവ വെളിച്ചം വീശുന്നു എന്നും അറിയപ്പെടാതെ നശിക്കുന്ന ക്രിയാത്മകത എങ്ങനെ ബ്ലോഗുകളിളുടെ ജനങ്ങളിലെത്തുന്നു എന്നും മനസ്സിലാക്കാം..

ഈ ബ്ലോഗുകളോട് പലര്‍ക്കും എതിര്‍പ്പുണ്ടാവും..എന്നാലും അവരുടെ രാഷ്ട്രീയവും ആശയവും എങ്ങനെ ബ്ലോഗ്‌ വഴി പ്രചരിപ്പിക്കുന്നു..എന്നത് പ്രസക്തമാണ്..

http://www.adiyaalan.blogspot.com/
http://orumaathra.blogspot.com/
http://kshariharan.blogspot.com/
http://rodhanam.blogspot.com/
http://piraana.blogspot.com/

This will show how..blogs are becoming an alternative media..

രാജേഷ്‌ ചിത്തിര said...

വിഷ്ണു പറഞ്ഞതിനോട്, ഒരു പരിധിവരെ യോജിക്കാതെ വയ്യ.
ജിഗി പറഞ്ഞ പോലെ വളരെ അമച്വറിഷ് ആയിപ്പോയ ഒരു ചര്‍ച്ച പോലെ തോന്നിപ്പിക്കുന്നു.
ആരെന്തു പറഞ്ഞു, പറഞ്ഞതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍
യാഥാര്ത്ഥ്യത്തോട് മുഖം തിരിക്കതിരിക്കുന്നതാണ് പ്രായോഗികം എന്നു തോന്നുന്നു.

എന്‍.എസ്.മാധവന്റെ കമന്റ ഭാവികാലം തെളിയിക്കേണ്ടതാണ്.സന്തോഷിന്റെ കമന്റ് ഒരു പരിധിവരെ
ശരിയാണു താനും.കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്ലോഗ് വായിക്കുന്ന ഒരാളെന്ന നിലക്ക്,
അന്നുമുതല്‍ ഇന്നു വരെ സജീവമായി നില്‍ക്കുന്നവരുടേ എണ്ണം തന്നെ ആ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്.
ഇവിടെ വളരെ സജീവമായി അഭിപ്രായം പറഞ്ഞ പലരും തന്നെ ബ്ലോഗിങ്ങ് എത്രകാലം തുടരാന്‍ കഴിയുമെന്ന്
സംശയിച്ചതും ഓര്‍ത്തു പോകുന്നു.

ചര്ച്ച തുടരട്ടെ, എഴുത്തും, എഴുത്തു നിര്ത്തലും തുടരട്ടെ...

mini//മിനി said...

‘ബ്ലോഗ്’ അത് എന്റെ അത്മാവിഷ്ക്കാരമാണ്. വായനാക്കാർക്ക് വായിക്കാം, അഭിപ്രായം പറയാം. എഴുതുന്നതൊക്കെ ‘ഏത് ചവറായാലും’ അച്ചടിച്ച് വരും, വായനക്കാർ വിലകൊടുത്ത് വാങ്ങി വായിക്കും, എന്ന് ഉറപ്പുള്ള മുഖ്യധാരാ എഴുത്തുകാരുണ്ട്. എന്നാൽ ഞങ്ങൾ ബ്ലോഗർമാർ എഴുതുന്നത് എല്ലാം അച്ചടിമഷി പുരളണമെന്നില്ല.
ഈ കമ്പ്യൂട്ടറും ബ്ലോഗും ഉള്ളതുകൊണ്ട് മാത്രമാണ് എനിക്ക് ധാരാളമായി എഴുതാൻ കഴിയുന്നത്. അതുപോലെ ഞാൻ ഫോട്ടോ എടുക്കുന്നത് കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്യാനും ചിലത് ബ്ലോഗിൽ ഇട്ട് മറ്റുള്ളവരുമായി അഭിപ്രായം ഷെയർ ചെയാനുമാണ്. ഫോട്ടോ എടുക്കുന്നതൊക്കെ പ്രിന്റ് എടുത്ത് ആൽബമാക്കാനാവില്ല.
ബ്ലോഗ് വായിക്കാതെയാണ് പലരും അഭിപ്രായം പറയുന്നത്; എനിക്ക് അറിയാവുന്ന ചിലർ പറഞ്ഞിട്ടുണ്ട്, “കഥയുടെ പ്രിന്റ് എടുത്ത് തന്നാൽ വായിക്കാം” എന്ന്. അതുപോലെയാണ് പലരും അഭിപ്രായം പറയുന്നത്.
എന്നാൽ നിലവാരം കുറഞ്ഞ സാഹിത്യം തീരെയില്ലാത്ത ബ്ലോഗുകൾ പലതും ഉണ്ടെന്ന് പറയാതെ വയ്യ. അത് അച്ചടിമാധ്യമത്തിലും ഉണ്ടല്ലൊ,
ബ്ലോഗുകൾ വളരട്ടെ,,,

സുസ്മേഷ് ചന്ത്രോത്ത് said...

ചര്‍ച്ചകള്‍ ആരോഗ്യപരമായി പുരോഗമിക്കട്ടെ.മനുഷ്യന്‍ ആശയവിനിമയത്തിന് കണ്ടുപിടിച്ച ഏതു മാധ്യമത്തെപ്പോലെ ബ്ലോഗും ശക്തമായ വിധത്തില്‍ അതിന്‍റെ ധര്‍മ്മെ നിര്‍വ്വഹിക്കുന്നുണ്ട്.സര്‍ഗ്ഗാത്മകതയും മാധ്യമവുമായി യാതൊരു ബന്ധവുമില്ല.മാധ്യം(media)ഇല്ലാതെയും സര്‍ഗ്ഗാത്മകതയ്ക്ക് നിലില്‍പ്പുണ്ട് എന്നാണ് എന്‍റെ അഭിപ്രായം.

സ്മിത മീനാക്ഷി said...

വിഷ്ണുവുള്‍പ്പടെ പലരും വിഷയത്തില്‍ നിന്ന് അകന്നു പോകുന്നതായി തോന്നുന്നു. ഇ - വായന ഇത്രത്തോളം ആയിട്ടും വായനയെന്നാല്‍ ഞാനുള്‍പ്പടെയുള്ള ബഹുഭൂരിപക്ഷം ആളുകള്‍ക്കും അച്ചടിത്താളുകള്‍ തന്നെയാണ്. പക്ഷേ അതുകൊണ്ട് , അവിടെ പേരച്ചടിക്കാതവരെല്ലാം സര്‍ഗ്ഗാത്മകതയില്ലത്തവരാകനമെന്നില്ലല്ലൊ. ഒരു മാധ്യംത്തിന്റെ പിന്‍ബലത്തില്‍ സര്‍ഗ്ഗാത്മകതയെ അളക്കുന്നതെങ്ങനെ? ബ്ലോഗെഴുതുന്നവര്‍ അച്ചടിയിലേയ്ക്ക് കടക്കാന്‍ താല്പര്യപ്പെടുന്നതില്‍ എന്താണു മോശമായിട്ടുള്ളത്? എഴുത്താണു പ്രധാനം. അല്ലാതെ അത് എവിടെ എന്നതില്‍ അല്ല. പിന്നെ ഇന്റര്‍ നെറ്റ് സ്പേസിന്റെ സാധ്യതകള്‍ നമ്മുടെ പല എഴുത്തുകാരും അറിയുന്നില്ല എന്നു തന്നെ തോന്നുന്നു. റിമി ടോമി സിനിമയില്‍ പാടുന്നതുകൊണ്ട് സര്‍ഗ്ഗശേഷി കൂടുതലുള്ള വ്യക്തി ആണെന്നും ദലീമ പാട്ടു കാരിയേയല്ല എന്നും പറയാനാകുമോ?

സ്മിത മീനാക്ഷി said...

മുകളില്‍ പറഞ്ഞതിന്റെ കൂടെ ഒന്നു കൂടി.. സര്‍ഗ്ഗാത്മകതയുടെ പങ്കു പറ്റി എന്തെങ്കിലും കുറിക്കുന്ന ബ്ലോഗ്ഗര്‍ ആയിട്ടല്ല , വായന ജീവിത രീതിയാക്കിയ ഒരാളെന്ന നിലയിലാണ് ഞാന്‍ അഭിപ്രായങ്ങള്‍ പറയുന്നത്.

റോസാപ്പൂക്കള്‍ said...

മുഖ്യാധാര എഴുത്തുകാര്‍ എന്നവകാശപ്പെടുന്ന,ബ്ലോഗ്‌ എഴുത്തിനെ കുറച്ചു കാണുന്ന പലര്‍ക്കും ബ്ലോഗെഴുത്തിന്റെ പ്രായത്തെക്കുറിച്ചു അറിവുല്ലവരാണല്ലോ.
ഇവര്‍ ഈ മുഖ്യധാരയില്‍ കടന്നു ചെന്നത് എത്ര വര്ഷം കൊണ്ടായിരിക്കണം.അപ്പോള്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബ്ലോഗ് എഴുത്ത് എന്ന ശിശുവിനെ അപമാനിക്കേണ്ട കാര്യമുണ്ടോ..? നിനക്ക് സ്പുടമായി സംസാരിക്കാനറിയില്ല എന്ന് മുതിര്‍ന്ന ഒരു മനുഷ്യന്‍ ഒരു ശിശുവിനെ കളിയാക്കുന്നതിനു തുല്യമാണത്. അച്ചടി മാധ്യമങ്ങളെ വിസ്മയിപ്പിക്കുന്ന എത്രയോ നല്ല എഴുത്തുകള്‍ നാം ഇവിടെ കണ്ടിരിക്കുന്നു.അച്ചടി മാധ്യമത്തില്‍ വരുന്ന എല്ലാ എഴുത്തുകള്‍ക്കും പൂര്‍ണ്ണത അവകാശപ്പെടാനാവുമോ..?
പിന്നെ അച്ചടി മാധ്യമത്തോട് മത്സരിക്കാനല്ല ഓരോ ബ്ലോഗറും ശ്രമിക്കുന്നത് .അത് തികച്ചും അബദ്ധ ധാരണയാണ്.മേല്പ്പറഞ്ഞപോലെ ബ്ലോഗനയിലെ ഒരു പേജില്‍ തന്റെ സൃഷ്ടി വരിക എന്നത് മിക്ക ബ്ലോഗറുടെയും സ്വപ്നം തന്നെയാണ്.അത് നിഷേധിക്കുന്നില.എന്ന് വച്ച് ഒരു ബ്ലോഗര്‍ അച്ചടി മാധ്യമത്തിലേക്ക് വരുമ്പോള്‍ ആരെയൊക്കെയോ സോപ്പിട്ട് തട്ടിക്കൂട്ടി എന്നൊക്കെ അധിഷേപിക്കുന്നത് പുതുമുഖ താരങ്ങളുടെ പ്രകടനം തങ്ങളെ പിന്നിലാക്കിക്കലയുമോ എന്നാ ഒരു സൂപ്പര്‍ താരത്തിന്റെ അവലാതിയോടു സാദൃശ്യം തോന്നുന്നു.നമ്മുടെ ഏതു മുഖ്യധാര എഴുത്തുകാരനും തങ്ങളുടെ ആദ്യ സൃഷ്ടി അച്ചടിച്ചു വരാന്‍ കൊതിച്ചിട്ടില്ല എന്ന് പറയാമോ.

സൈബര്‍ ലോകം ചെറിയ ഒരു ശതമാനം ഉപയോഗിക്കുന്ന നമുക്കിടയില്‍ ഒരു ബ്ലോഗര്‍ അച്ചടി മാധ്യമത്തിലൂടെ ശ്രദ്ധ ലഭിക്കുന്നത് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്..? അത് തങ്ങളുടെ ലോകമാണ് അങ്ങോട്ടാര്‍ക്കും പ്രവേശനം ഇല്ല എന്നാണോ ഇതിനര്‍ത്ഥം..?

എഴുത്തിന്റെ പുതിയ തലമുറ ഉയര്‍ന്നു വരുന്നതില്‍ ഇത്ര അസഹിഷ്ണുത കാണിക്കേണ്ട കാര്യമുണ്ടോ.പിന്നെ ഈ വാല്‍ നക്ഷത്ര പ്രയോഗം. വാല്‍നക്ഷത്രങ്ങള്‍ ശോഭയുള്ള സ്ഥിരം നക്ഷത്രങ്ങലാകില്ല എന്നാരു കണ്ടു..?

(ഒരു പിന്‍ കുറിപ്പ്‌-എന്നെ ബ്ലോഗെഴുത്തില്‍ പ്രോത്സാഹിപ്പിച്ചത് ശിഹാബുദ്ദീന്‍ സാറാണ്)

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ശരിയാണ്, ബ്ലോഗ്‌ രംഗത്ത് ധാരാളം ചവറുകള്‍ കാണാം. കാരണം; തിരുത്താന്‍ എഡിറ്ററോ പഠിപ്പിക്കാന്‍ അധ്യാപകനോ ഇല്ലെന്നത് തന്നെ.
പക്ഷെ മറ്റു രംഗങ്ങളില്‍ കാണുന്ന ചവറുകളെക്കാള്‍ ബ്ലോഗുകള്‍ ഭേദമാണെന്നു പലപ്പോഴും തോന്നാറുമുണ്ട്.
ബ്ലോഗുകള്‍ നിലവാരം പുലര്‍ത്താന്‍ വേണ്ടത്‌, വസ്തുനിഷ്ഠവും നിഷ്കളങ്കവുമായ പ്രതികരണങ്ങള്‍ കമന്റുകളായി കൊടുക്കുകയും, നിര്‍ദേശ വിമര്‍ശങ്ങള്‍ സന്തോഷത്തോടെയും പക്വതയോടെയും സ്വീകരിക്കുകയും അതില്‍നിന്നു പാഠം ഉള്‍ക്കൊള്ളാന്‍ ബ്ലോഗെര്ഴുതുകാര്‍ സന്നദ്ധരാകുകയുമാണ് . മറ്റു മാധ്യമങ്ങള്‍ക്കില്ലാത്ത ഗുണവും ഇതാണ്.
പരസ്പരം പുകഴ്ത്തുന്ന കമന്റുകളാണ് ബ്ലോഗറെ നശിപ്പിക്കുന്നത്.
മുഖ്യധാരാ എഴുത്തുകാര്‍ പലരും ഈ രംഗത്തേക്ക് കടന്നുവരാത്തത് വിമര്‍ശങ്ങള്‍ ഉയരുമോ എന്ന ഭയത്താലാണ് എന്നാണു എന്റെ പക്ഷം.
'നിലവാരം' ഉള്ള ബ്ലോഗില്‍ വായനക്കാര്‍ ഇല്ല എന്ന് പരിതപിക്കുന്നത് അവരുടെ സ്വാര്‍ഥത കൊണ്ടുതന്നെയാണ്. താന്‍ മറ്റുള്ളവരുടെ ബ്ലോഗില്‍ കയറാതിരിക്കുകയും എന്നാല്‍ മറ്റുള്ളവര്‍ തന്നെ വായിക്കണം എന്നുള്ള അല്പത്തം!!

nikukechery said...

എന്റെ ചുരുങ്ങിയ കാലത്തെ അറിവ്‌വെച്ച് മലയാളബ്ലോഗ് അതിന്റെ ശൈശവാവസ്ഥയിലാണ്‌.ക്രിയാത്മകമായ വിമർശനങ്ങൾ നേരിട്ട് അത് ശക്തിപെടട്ടെ.വിമർശനങ്ങളെ നാം എങ്ങിനെ കാണുന്നു എന്ന നിലയിലാകട്ടെ ചർച്ചകൾ.

പാരമ്പര്യത്തിൽ നിന്ന് വേറിട്ടചിന്തകളെല്ലാം ശക്തമായ വിമർശനങ്ങളെ ഉൾക്കാമ്പിന്റെ ശക്തിയാൽ നേരിട്ട് തറവാടിന്റെ ഉമ്മറത്ത് സ്വന്തം ചാരുകസാര വലിച്ചിട്ടിരുന്നവരാണ്‌.

ബ്ലോഗെഴുത്ത് കടലാസെഴുത്ത് എന്ന് വേർതിരിക്കുന്നതാണ്‌ ഇരട്ടത്താപ്പെന്നാണ്‌ എനിക്കുതോന്നുന്നത് കാരണം ബ്ലോഗേഴ്സെല്ലാം ഇ-ലോകവും ഇന്നത്തെ സ്ഥിതിയിലെ അതിലെ ചെറിയ വായനാസമൂഹവുമായി കൂടിക്കോണം,ആരും രചനകളെ കടലാസിലാക്കാൻ വരരുതെന്ന ദുസ്സൂചന ആ തരംതിരിവിലില്ലേ.

സർഗാത്മകത എവിടെയായാലും അംഗീകരിക്കപെടേണ്ടതാണ്‌ അല്ലെങ്കിലത് നിങ്ങളുമായി കലഹിച്ച് അതിന്റെ അതിന്റെ സ്ഥാനം തനിയെ നേടിക്കോളും.

പലതരത്തിലുള്ള വായനക്കാരും വ്യത്യയ്സ്ഥ കാഴ്ച്ചപാടുള്ളവരുമായി നേരിട്ട് സംവദിച്ച് തങ്ങളുടെ രചനകളെ പോളിഷ്ചെയ്തെടുക്കാം എന്നുള്ളതാണ്‌ ബ്ലോഗ് പോസ്റ്റുകൾക്ക് ഒരു എഡിറ്ററും ബിസിനസ്സ് മുഖ്യഅജണ്ടയുള്ള പ്രസാധകരുമുള്ള കടലാസെഴുത്തുകാരെ അപേക്ഷിച്ചുള്ള മെച്ചം എന്നുതോന്നുന്നു.

ക്രിയാത്മക വിമർശനങ്ങളെ കണ്ടെടുക്കുക എന്നതാണ്‌ സർഗ്ഗശേഷിയുള്ള ബ്ലോഗറെ കുഴയ്ക്കുന്ന വലിയൊരു പ്രശനം.അതിനെ പറ്റി സുഹൃത്തുക്കളുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.

ഒരു ചെറുനിലാവെങ്കിലും പൊഴിക്കുന്ന
എല്ലാ സുഹൃത്തുക്കളോടും...
വിമർശനങ്ങളുടെ
വെയിലിനെ
അതിജീവിച്ച് നാം
മുന്നോട്ട്...മുന്നോട്ട്...
അഭിവാദ്യങ്ങൾ.

nilamburkaran said...

എന്റെ ബ്ലോഗ്‌ ന്റെ പേര് http://blognilambur.blogspot.com/ എന്നാണ് . പ്രസ്ഥാനം;; ചാനല്‍ ഉം വിസ്മയവും കണ്ടല്‍ പാര്‍ക്ക്‌ ഉം ഒക്കെ തുടങ്ങുന്നതിനു മുന്‍പ് ഉള്ള കട്ടന്‍ ചായയുടെയും പരിപ്പ് വടയുടെയും ദിനേശ് ബീഡി യുടെയും ഒക്കെ കാലത്തെ കഥയാണ്...

സസ്നേഹം
നിലംബുര്കാരന്‍

chithrakaran:ചിത്രകാരന്‍ said...

എന്‍.എസ്.മാധവന്റേയും, എച്ചിക്കാനത്തിന്റേയും
അഭിപ്രായങ്ങള്‍ പരംബരാഗത മാധ്യമങ്ങളുടെ
തറവാട്ടു മുറ്റത്തുനിന്നുമാണ്. അവിടത്തെ ഉപ്പും ചോറും തിന്നു വളര്‍ന്നവര്‍ക്ക് പുതിയൊരു മാധ്യമത്തിന്റെ ആവശ്യകത അംഗീകരിക്കാന്‍ കുറച്ച് അസ്ക്യതയുണ്ടാകും.സാഹിത്യ സാംസ്ക്കാരിക രംഗത്തെ മാടംബിത്വ പശ്ചാത്തലത്തില്‍ എന്തെങ്കിലും ലൊട്ടുലൊടുക്ക് സാഹിത്യത്തിന്റെ പേരില്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ട് പ്രസിദ്ധീകരണ തറവാട്ടിലെ കുശിനിക്കാരായി നിന്നു പിഴക്കുന്നവര്‍ക്ക് ബ്ലോഗിലും സമാനമായസ്ഥിതിവിശേഷമാണുണ്ടായിരിക്കുക എന്ന തോന്നലുകളുണ്ടാകാം.ബ്ലോഗ് ജനാധിപത്യത്തിന്റെ പുതുമാധ്യമമാണെന്ന് തിരിച്ചറിവില്ലാത്തതിന്റെ പ്രശ്നമാണിത്. ബ്ലോഗില്‍ വരുന്നവരെല്ലാം മഹാ സാഹിത്യകാരന്മാരാകണമെന്നോ, തുടര്‍ന്ന് എഴുതികൊണ്ടിരിക്കണമെന്നോ വ്യവസ്ഥയില്ല.പ്രതിഫലമിച്ഛിക്കാതെ, തങ്ങള്‍ക്ക് സമൂഹത്തോട് പറയാനുള്ളത് പറഞ്ഞു പോകുന്നതല്ലാതെ,ബ്ലോഗില്‍ മീഡിയയോട് കൂറ് പ്രഖ്യാപിച്ച് ആരുടേയും ഏറാന്മൂളികളായി നില്‍ക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ.
ഒരു പുതിയ മീഡിയ കാണുമ്പോള്‍ പഴയ മീഡിയ ശീലിച്ചു കഴിഞ്ഞുകൂടുന്നവരുടെ സ്വാഭാവിക പ്രകടനം എന്നല്ലാതെ എന്‍.എസ്.മാധവന്റേയും, എച്ചിക്കാനത്തിന്റേയും കുശുമ്പിന് പ്രസക്തിയൊന്നുമില്ല.
പിന്നെ,ബ്ലോഗിനുവേണ്ടിയും,ബ്ലോഗര്‍മാര്‍ക്കുവേണ്ടിയും വാദിച്ച് ജയിക്കേണ്ട കാര്യമൊന്നുമില്ല.
ബ്ലോഗര്‍മാര്‍ക്കെല്ലാം മറ്റു പരമ്പരാഗത മാധ്യമങ്ങളിലും അയിത്തമൊന്നുമില്ല.ഈ പറഞ്ഞ സാഹിത്യകാരന്മാരുടെ ഏതെങ്കിലും ചവറ് സാഹിത്യം വായിച്ച് പഠിച്ച് ആരാധകനാണെന്ന് ബോധ്യപ്പെടുത്തി, രണ്ടു ഡയലോഗടിച്ചാല്‍ ഇവരുതന്നെ ആരാധകന്റെ സൃഷ്ടികള്‍ക്ക് വിവിധ പത്രാധിപന്മാര്‍ക്ക് കൊടുക്കാനുള്ള റക്കമെന്റേഷന്‍ കത്തു തരും :) ബ്ലോഗില്‍ നന്നായി എഴുതുന്നവര്‍ക്ക് ആ കത്തിന്റെ പോലും ആവശ്യം ഇപ്പോള്‍ ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം. നല്ല ക്രിയാത്മകത കയ്യിലുള്ളവര്‍ക്ക് ബ്ലോഗില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും മറ്റു മീഡിയയിലേക്കും ചുവടുമാറാം.എന്‍.എസ്.മാധവന്റേയും, എച്ചിക്കാനത്തിന്റേയും വര്‍ഗ്ഗ ബോധമോ, ട്രേഡ് യൂണിയനിസമോ കാര്യമാക്കേണ്ടതില്ല.

ബ്ലോഗ് ജനാധിപത്യത്തിന്റേയും,വ്യക്തി സ്വാതന്ത്ര്യത്തിന്റേയും സ്വതന്ത്ര മാധ്യമമാണ്.
നിലവിലുള്ള പൊതു മാധ്യമങ്ങള്‍ കേവലം തോടുകളോ,കുളങ്ങളോ,പുഴകളോ,കായലുകളോ ആയിരിക്കുംബോള്‍ ഇന്റെര്‍നെറ്റ് സമുദ്രം പോലെ എല്ലാ മാധ്യമങ്ങളേയും ഉള്‍ക്കൊള്ളുന്ന
മഹത്തായ മാധ്യമമായിത്തന്നെ വികസിക്കും.ബ്ലോഗെന്നോ,ഫേസ് ബുക്കെന്നോ,മറ്റുവല്ലതുമെന്നോ ഈ ഇ-എഴുത്തിനെ മാറിമാറി വിശേഷിപ്പിച്ചാലും ഇത്രയും മഹത്തരമായൊരു മീഡിയ ലോകത്തില്‍ ഇപ്പോള്‍ വേറെയില്ല.അപ്പഴാണ് അവന്റെയൊരു വംശനാശ ഭീഷണീ :).... ആരാണ് ഈ എച്ചിക്കാനവും, എന്‍.എസ്.മാധവനും ? ഈ മണ്ണുണ്ണികളുടെ സൃഷ്ടികളെന്തെങ്കിലും നെറ്റിലുണ്ടെങ്കില്‍ ചിത്രകാരനൊരു ലിങ്ക് തരണേ :)

un said...
This comment has been removed by the author.
un said...

എന്‍.എസ്. മാധവന്‍ പറഞ്ഞതില്‍ അല്പം കാര്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ടെക്നോളജി മാറുന്നതിനനുസരിച്ച് മാധ്യമങ്ങളും മാറിക്കൊണ്ടിരിക്കും. ഡിജിറ്റല്‍ ഫോട്ടോഗ്രഫി വന്നപ്പോള്‍ അനലോഗ് ഏറെക്കുറെ അപ്രത്യക്ഷമായതുപോലെ. എന്നു വെച്ച് ഒന്ന് മറ്റൊന്നിനേക്കാള്‍ കേമമോ മോശമോ ആകുന്നു എന്നല്ല. ആ അര്‍ത്ഥത്തില്‍ ഏച്ചിക്കാനം പറഞ്ഞതിനോട് വിയോജിപ്പുണ്ട് .
പണ്ട് സജീവമായി ബ്ലോഗെഴുതിയിരുന്ന എത്ര പേര്‍ ഗൂഗിള്‍ ബസ്സ് വന്ന ശേഷം ബ്ലോഗില്‍ സജീവമാണ്??
ഇത് ഇവിടെ മാത്രം സംഭവിക്കുന്നതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതു നോക്കൂ.
http://www.nytimes.com/2011/02/21/technology/internet/21blog.html

chithrakaran:ചിത്രകാരന്‍ said...

ബ്ലോഗിനെ ട്വിറ്റര്‍, ഫേസ്‌ബുക്ക്, ഓര്‍ക്കുട്ട്, ബസ്സ് .... തുടങ്ങിയ കമ്മ്യൂണിറ്റികളുമായി താരതമ്യപ്പെടുത്തി വളര്‍ച്ചയും തളര്‍ച്ചയും വിലയിരുത്തേണ്ട കാര്യമൊന്നുമില്ല.ഫേസ് ബുക്ക് ഇപ്പോള്‍ ഏതാണ്ടു ഫേസ്-ബ്ലോഗായി കഴിഞ്ഞില്ലേ? അത്തരം കമ്മ്യൂണിറ്റികളെയെല്ലാം ബ്ലോഗിനോട് ചേര്‍ത്തു കാണേണ്ട കാര്യമേയുള്ളു. പ്രത്യേകിച്ച് പരംബരാഗത മീഡിയയുമായി തരതമ്യപ്പെടുത്തുമ്പോള്‍. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രചാരത്തെക്കുറിച്ച് കണക്കെടുക്കുമ്പോള്‍ വേറിട്ട് കാണുകയുമാകാം. അത്തരം കണക്കുകള്‍ പരസ്യദാതാക്കളുടേ തല്‍പ്പര വിഷയം എന്നല്ലാതെ പരംബരാഗത മാധ്യമങ്ങളുമായി
താരതമ്യപ്പെടുത്താനുള്ള മാനദണ്ഡമാകുന്നില്ല.
ബ്ലോഗിനേയും ഫേസ് ബുക്കിനേയും,ട്വിറ്റര്‍,ഓര്‍ക്കുട്ട്,ബസ്സ് .... തുടങ്ങിയവയെയെല്ലാം ഒരു വീടിന്റെ വിവിധ റൂമുകളായി കണക്കാക്കാവുന്നതേയുള്ളു.പൂമുഖവും,സ്വീകരണമുറിയും,ബെഡ് റൂമുകളും,അടുക്കളയും, മുറ്റവും കളിസ്ഥലവും എല്ലാമുള്ള ഒരു വീടായി സങ്കല്‍പ്പിക്കാവുന്നതേയുള്ളു. ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ കമ്മ്യൂണിറ്റികളിലോ ബ്ലോഗിലോ എത്താമെന്നിരിക്കെ ഇന്റെര്‍നെറ്റ് ഒരൊറ്റ മാധ്യമമായിത്തന്നെ കാണാം, കാണണം. കാരണം, മത്സരത്തിന്റെ ഭാഗമായി ബ്ലോഗിന്റേയും മറ്റു നെറ്റ് വര്‍ക്കുകളുടേയും രൂപഭാവങ്ങള്‍ പ്രവചനാതീതമായ രീതിയില്‍ ഇനിയും മാറിക്കൊണ്ടിരിക്കുമല്ലോ.

ചാർ‌വാകൻ‌ said...

വായനക്കാരൻ മാത്രമായിരുന്ന ഞാൻ ‘ഒരെഴുത്തു’കാരനുമായി എന്ന തോന്നൽ ഉണ്ടാക്കിയത്.ബ്ലോഗിൽ വന്ന ശേഷമാണ്.സർഗ്ഗശേഷി ഉള്ള എല്ലാവർക്കും പങ്കെടുക്കാൻ പറ്റുന്ന ഒരു മാധ്യമം എനിയും കണ്ടുപിടിക്കേണ്ടി വരും.എന്നെ പോലെ കമ്പ്യ്യൂട്ടറിനെ ഭീതിയോടെ കണ്ടിരുന്നവരും,സാങ്കേതികതയെ-നമുക്കു പറ്റിയ പണിയല്ല-എന്നുകരുതുന്നവരും ബ്ലോഗിന്റെ പുറത്തുതന്നെയാണൂള്ളത്.അവരൊക്കെ അകത്തേക്കു വരുന്ന മുറക്ക് കഥമാറുമെന്നുതന്നെ പ്രതീക്ഷിക്കാം.വായന’ഒരു രാഷ്ട്രീയ’പ്രവർത്തനമാണ്.പുതിക്കിക്കൊണ്ടേയിരിക്കും.പഴയ പലേഴുത്തുകാരും ഇന്നൊരു ബാധ്യതതന്നെയാവുന്നുണ്ട്.താല്പര്യമുള്ള വിഷയങ്ങൾ വായിക്കാനും ചർച്ച ചെയ്യാനും അടിയുണ്ടാക്കാനും ,കമ്പനിയടിക്കാനും മറ്റും കഴിയുന്ന വിശാലമായ ഒരു ലോകം സൈബർ സ്പേസ് തരുന്നുണ്ട്.ബ്ലോഗിലെ എഴുത്തുകാർ മറ്റുപണിചെയ്ത് കിട്ടുന്ന സമയം എഴുത്തിലൂം/വായന/കമന്റ്.വീതിക്കുന്നവരാണ്.
ഭാവിയുടെ ‘മാധ്യമം’ഇതാണന്ന്‌ തന്നെ വിശ്വസിക്കുന്ന-ഒരാൾ.

Namath | നമത് said...

മണലിലെഴുതണോ, ഓലേലെഴുതണോ, കടലാസ്സിലെഴുതണോ എന്നത് മീഡിയം തിരഞ്ഞെടുക്കുന്നതിന്‍റെ മാത്രം പ്രശ്നം. വ്യക്തിഗതതിരഞ്ഞെടുപ്പ്. എവിടെയെഴുതിയാലും എഴുത്തിന്‍റെ ജൈവരാസപ്രക്രിയ നടക്കുന്നത് എഴുതുന്നയാളുടെ ചിന്തയിലാണ്.പത്രമാധ്യങ്ങളിലെഴുതിയതു കൊണ്ടു എഴുത്തു നന്നാവണമെന്നില്ല. അതു കൊണ്ടു തന്നെ അങ്ങനെ ഒരു വേര്‍തിരിവ് ചിന്താശുഷ്കതയാണ്. കാശുകൊടുത്തു വാങ്ങുന്ന ആനുകാലികം/പുസ്തകം മുടക്കിയ കാശിനും ചിലവാക്കുന്ന സമയത്തിനു മൂല്യം നല്‍കുന്നത് അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.
അതുപോലെ ബ്ലോഗും ബസ്സും പോലുള്ള പുതിയ മീഡിയം വരുന്നതിനു മുന്‍പ് ആളുകള്‍ ഹാബിച്വലായി എഴുതിയിരുന്ന മീഡിയം എന്നതിനപ്പുറം ദൈവിക പരിവേഷമൊന്നും മരം പാഴാക്കുന്ന പ്രിന്‍റ് മീഡിയക്കില്ല. മുന്‍കാലങ്ങളില്‍ മറ്റൊരൊപ്ഷനില്ലാത്തതു കൊണ്ട് സംഭവിച്ചത്. അത് തുടര്‍ന്നു പോകുന്നു. എഴുത്തുകാരന് വായനക്കാരനിലെല്ലാന്‍ കാക്കാ പിടിക്കണ്ട എന്നത് ഇ മാധ്യമങ്ങളുടെ വ്യത്യാസം. കുഴപ്പം സ്വയം പ്രസാധനം കൂടുതല്‍ ഉത്തരവാദിത്വം ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും എഡിറ്ററുടെ അഭാവത്തില്‍.
ഇ സാക്ഷരരായതോ അല്ലാത്തതോ ആയ എഴുത്തുകാരെ ഒരു പരിധി വരെ അകറ്റി നിര്‍ത്തുന്നത് ബ്ലോഗിന്‍റെ ഇന്‍ററാക്ടീവ് സ്വഭാവമാണ്. പണി പാടത്തും കൂലി വരമ്പത്തും. പണ്ട് പണി കിട്ടണേ കൃഷ്ണന്‍ നായരു സാറ് വാരഫലത്തില്‍ കവിടി നിരത്തണമായിരുന്നു. ബ്ലോഗില്‍ പോസ്റ്റിട്ടാല്‍ അടുത്ത സെക്കന്‍ഡു മുതല്‍ പണി വന്നു തുടങഅങും-). അത് കാണിക്കുന്ന മറ്റൊന്നുണ്ട്. പത്രാധിപര്‍ക്കുള്ള കത്തില്‍ വരുന്ന പ്രതികരണങ്ങള്‍ യഥാര്‍ത്ഥ്യവുമായി ബന്ധമുള്ളതാവണമെന്നില്ലാത്തതു കൊണ്ട് പല തെറ്റിദ്ധാരണകളുമുളവാക്കാം.

അഭിപ്രായപ്രഘോഷണം നടന്നാലും ചര്‍ച്ച നടന്നാലും ഇല്ലേലും നാളെയുടെ മാധ്യമം ഇലക്ട്രോണിക് ആണ്. ബ്ലോഗ് അല്ലെങ്കില്‍ ബസ്സ് പോലെ എന്തെങ്കിലും ആവുമോ അതോ ഇപതിപ്പുകളാകുമോ എന്നത് ഇനിയും വ്യക്തമാകേണ്ട ഒരു കാര്യമാണ്.

Sudeep said...

ഈ പോസ്റ്റ്‌ ഇപ്പോഴാണ് കണ്ടത്. ഈ വിഷയത്തിൽ അക്കാലത്തെഴുതിയ ഒരു ലേഖനം ('പാഠഭേദം' മാസിക 2011 മാർച്ച്‌ ലക്കത്തിൽ പ്രസിദ്ധീകരിച്ചത് ) : ഇന്റര്‍നെറ്റിലെ പ്രതിലോമപരത : ഒരു സംവാദം.

ലേഖനത്തിൽ നിന്ന് ഒരു ശകലം --

"ശ്രീ മാ­ധ­വ­ന്റെ ഇന്റര്‍­വ്യൂ­വില്‍ പല­യി­ട­ത്തും ഇത്ത­രം ദുര്‍­ബ­ല­മായ വാ­ദ­ഗ­തി­കള്‍ കാ­ണാം. "ബ്ലോ­ഗ്‌ ഏതാ­ണ്ട് ഇല്ലാ­താ­യി­ക്ക­ഴി­ഞ്ഞി­ല്ലേ" എന്ന് പറ­യു­ന്ന അദ്ദേ­ഹം അതി­ന്‌ തെ­ളി­വാ­യി പറ­യു­ന്ന­ത് "ബ്ലോ­ഗി­നെ­ന്തെ­ങ്കി­ലും പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന­ത് ­മാ­തൃ­ഭൂ­മി ആഴ്ച­പ്പ­തി­പ്പ് മാ­ത്ര­മാ­ണ്" എന്നാ­ണ്. ആപ്പ­റ­ഞ്ഞ­ത് തന്നെ ഒരൊ­ടു­ക്ക­ത്തെ ഓക്സി­മോ­റോണ്‍ (വി­രോ­ധാ­ഭാ­സം) ആണെ­ന്ന് ഒരു സു­ഹൃ­ത്ത് ഇന്റര്‍­നെ­റ്റില്‍ കമ­ന്റു ചെ­യ്തു­ക­ണ്ടു. അച്ച­ടി­മാ­ധ്യ­മ­ങ്ങള്‍ "അ­നു­വ­ദി­ച്ചു കൊ­ടു­ക്കു­ന്ന" സ്വീ­കാ­ര്യ­ത­യ­ല്ല, അതാ­വ­രു­ത്, ഇന്റര്‍­നെ­റ്റ് പബ്ലി­ഷിം­ഗ് എത്ര­മാ­ത്രം പ്ര­സ­ക്ത­മാ­ണ് എന്ന­തി­ന്റെ അള­വു­കോല്‍. ആ "വ­രേ­ണ്യ" സ്വീ­കാ­ര്യ­ത­യോ­ടു­ള്ള വെ­ല്ലു­വി­ളി­യാ­ണ് ബ്ലോ­ഗ്‌ എന്ന മാ­ധ്യ­മ­ത്തി­ന്റെ ജീ­വന്‍ തന്നെ­.

­മീ­നാ­ക്ഷി (റെ­ഡ്ഡി മാ­ധ­വന്‍) പ്ര­ശ­സ്ത­യായ ബ്ലോ­ഗെ­ഴു­ത്തു­കാ­രി­യാ­ണ് എന്ന് സമ്മ­തി­ക്കു­മ്പോ­ഴും "ബ്ലോ­ഗി­ലൂ­ടെ രം­ഗ­ത്തു­വ­രാ­തെ നേ­രി­ട്ടെ­ഴു­തി­യി­രു­ന്നെ­ങ്കി­ലും (ആ­പ്പ­റ­ഞ്ഞ­തി­ന്റെ അര്‍­ഥം "ബ്ലോ­ഗി­ലു­ള്ള എഴു­ത്തൊ­ന്നും എഴു­ത്ത­ല്ല" എന്നു­ത­ന്നെ­യ­ല്ലേ­?) മീ­നാ­ക്ഷി ഒരു­പ­ക്ഷേ അം­ഗീ­ക­രി­ക്ക­പ്പെ­ടു­മാ­യി­രു­ന്നു" എന്നൊ­ക്കെ­യാ­ണ് അദ്ദേ­ഹ­ത്തി­ന്റെ മു­ട­ന്തന്‍ ന്യാ­യ­ങ്ങള്‍. മീ­നാ­ക്ഷി­യു­ടെ കാ­ര്യ­ത്തില്‍ അത് ശരി­യാ­യി­രി­ക്കാം, എന്നാല്‍ "നേ­രി­ട്ടെ­ഴു­താന്‍" കഴി­യു­ന്ന­വര്‍ ആരെ­ന്നു­ള്ള­ത് പത്രാ­ധി­പര്‍­മാ­രു­ടെ­യും പ്ര­സാ­ധ­ക­രു­ടെ­യും ദയ­വില്‍ തീ­രു­മാ­നി­ക്ക­പ്പെ­ടു­ന്ന കാ­ര്യ­മാ­ണെ­ന്നും ആ ലോ­ക­ത്ത് ഇപ്പോ­ഴും നി­ല­നില്‍­ക്കു­ന്ന­ത് മി­ക്ക­വാ­റും ഒരു ന്യൂ­ന­പ­ക്ഷ­ത്തി­ന്റെ അധീ­ശ­ത്വ­മാ­ണെ­ന്നും ഉള്ള സത്യം അദ്ദേ­ഹം ബോ­ധ­പൂര്‍­വ്വം കണ്ടി­ല്ലെ­ന്ന്‌ നടി­ക്കു­ന്ന­താ­ണോ? (ഇ­തെ­ഴു­തു­ന്ന­യാള്‍ ബ്ലോ­ഗി­ലൂ­ടെ­യോ ഈമെ­യി­ലി­ലൂ­ടെ­യോ അല്ലാ­തെ "നേ­രി­ട്ട് എഴു­താം" എന്ന് വി­ചാ­രി­ച്ച്‌ കാ­ത്തി­രു­ന്നെ­ങ്കില്‍ ഒരു­പക്ഷേ ഒരി­ക്ക­ലും എഴു­തു­ക­യി­ല്ലാ­യി­രു­ന്നു -- അച്ച­ടി­ച്ചു­വ­രു­ന്ന­തി­നെ മാ­ത്ര­മാ­ണ് എഴു­ത്താ­യി പരി­ഗ­ണി­ക്കു­ന്ന­തെ­ങ്കില്‍.)"