Sunday, 27 February 2011

കേരളത്തിലെ അടിമവ്യാപാരം.

ലോകത്തിന്റെ ഏറെക്കുറെ എല്ലാ പ്രദേശങ്ങളിലും, ചില ഘട്ടങ്ങളില്‍ അടിമത്വവും അടിമക്കച്ചവടവും നിലനിന്നിരു ന്നതായി ചരിത്രം പറയുന്നു. ആഫ്രിക്കയില്‍ നിന്നും പിടിച്ചുകൊണ്ടുപൊയ കറുത്ത മനുഷ്യരാണ് അമേരിയ്ക്കയില്‍ യൂറോപ്യന്മാര്‍ക്കു വേണ്ടി അടിമപ്പണിയെടുത്തത്. അവസാനം ഒരു ലിങ്കന്‍ വേണ്ടി വന്നു അടിമത്തം അവസാനിപ്പിയ്ക്കാന്‍ (എന്നിട്ടും അവസാനിച്ചോ എന്നതു വേറൊരു കാര്യം).
കേരളത്തിലും പണ്ട് അടിമത്തവും അടിമവ്യാപാരവും ഉണ്ടായിരുന്നു. അധിനിവേശകരായ പറങ്കികള്‍ ഇവിടുന്നു ആള്‍ക്കാരെ അടിമകളായി കടത്തിക്കൊണ്ടു പോയിരുന്നു. കാലാന്തരത്തില്‍ ഉണ്ടായ സാമൂഹ്യമാറ്റങ്ങള്‍ ഇവിടെ പ്രത്യക്ഷമായ വ്യാപാരം ഒരു പരിധിവരെ അവസാനിപ്പിച്ചു എന്നു പറയാം.  ചില ഗള്‍ഫ് രാജ്യങ്ങളിലെ സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ ആധുനികകാലത്തെ അടിമത്തമായി നിലനില്‍ക്കുന്നു. വിദേശികളായ എത്രയോ സാധു സ്ത്രീകള്‍ അറബിവീടുകളില്‍ യാതൊരു അവകാശങ്ങളുമില്ലാതെ അടിമകളായി ജീവിയ്ക്കുന്നു.

ഇക്കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നു കേട്ട വാര്‍ത്ത, ഈ കേരളത്തില്‍ ഇപ്പോഴും അടിമവ്യാപാരം  നിലനില്‍ക്കുന്നു എന്ന ഞെട്ടിയ്ക്കുന്ന അറിവിലേയ്ക്കാണു നമ്മെ നയിയ്ക്കുന്നത്. അന്യ സംസ്ഥാനങ്ങളിലെ ദരിദ്രരായ ബാലികമാരാണ് ഇങ്ങനെ വില്‍ക്കപ്പെടുന്നത് എന്ന സത്യം നമ്മളെയെല്ലാം ലജ്ജിപ്പിയ്ക്കേണ്ടതാണ്. പട്ടിണികൊണ്ട് നട്ടം തിരിയുന്ന കുടുംബങ്ങള്‍ എതാനും ആയിരങ്ങള്‍ക്ക് ബാല്യം വിട്ടുമാറാത്ത പെണ്‍കുഞ്ഞുങ്ങളെ ഏജന്റുമാര്‍ക്കും, അവര്‍ കൂടിയ തുകയ്ക്ക് കേരളത്തിലെ ഉപരിവര്‍ഗ കുടുംബങ്ങള്‍ക്ക് വില്‍ക്കുന്നു..!

ഈ വരുന്ന മാര്‍ച്ച് -8 ലോക വനിതാദിനമാണ്. ഈ ദിനത്തില്‍ ലോക്‍സഭയില്‍ വനിതാ സംവരണ ബില്ല് അവതരിപ്പിയ്ക്കപ്പെടും. കൂടാതെ അനേകം സ്ത്രീ ശാക്തീകരണ നിയമങ്ങള്‍ ഇവിടെയുണ്ട്. ഗാര്‍ഹിക പീഡന വിരുദ്ധ നിയമങ്ങള്‍ ഉണ്ട്. ഇതെല്ലാമുണ്ടായിട്ടും എന്താണ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ?

സാമൂഹ്യപരമായതും ജൈവികപരമായതുമായ പ്രത്യേകതകളാല്‍ പുരുഷകേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയാണ് ഇവിടെയുള്ളത്. അതിന് അതിന്റേതായ ശരി തെറ്റുകള്‍ ഉണ്ടാകാം. എന്നാല്‍ സമൂഹത്തിലെ താഴെക്കിടയിയിലുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം കൊടിയ പീഡനങ്ങളാണ്  അധികപേരും അവരുടെ ജീവിതകാലത്ത് അനുഭവിച്ചു തീര്‍ക്കുന്നത്. അനേകമനേകം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാം. വിദ്യാഭ്യാസമില്ലായ്മയും കുടുംബത്തോടുള്ള പ്രതിബദ്ധതയും ആത്മവിശ്വാസമില്ലായ്മയുമൊക്കെ ഇതിനുകാരണങ്ങളാണ്. “പെണ്ണായി പിറന്നാല്‍ മണ്ണാകുവോളം കണ്ണീര്‍” എന്നൊരു ചൊല്ല് തന്നെ കേട്ടിട്ടുണ്ട്. ഇതൊക്കെ ഒരു തരം അടിമത്ത ബോധം അവളില്‍ വളര്‍ത്തുന്നു. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയ്ക്കനുസൃതമായി അവളെ പാകപ്പെടുത്തിയെടുക്കുന്നു. ചെറുപ്പത്തില്‍ മകളോ മരുമകളോ ആയിരിയ്ക്കുമ്പോള്‍ പീഡിതയാകുന്നവള്‍ അമ്മയോ അമ്മായിയമ്മയോ ആകുമ്പോള്‍ പീഡക ആകാനും പഠിയ്ക്കുന്നു. പുരുഷന്‍ കുടുംബത്തിന്റെ വരുമാനദാതാവും സംരക്ഷകനും, സ്ത്രീ കുടുംബത്തിന്റെ നടത്തിപ്പുകാരിയുമായ സംവിധാനം നല്ല പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ അനുയോജ്യമാണ്. ഇന്ന് നല്ല നിലയിലുള്ള ഒട്ടുമിക്കപേരും ഈ സംവിധാനത്തിന്റെ ഉല്പന്നങ്ങളാണ്. എന്നാല്‍ വ്യക്തിപരമായ സവിശേഷതകള്‍ ഈ സംവിധാനത്തിന് ഉലച്ചില്‍ തട്ടിയ്ക്കുകയും അത് പീഡനത്തിലേയ്ക്കു നീങ്ങുകയും ചെയ്യുമ്പോള്‍ അതിനിരയാകുന്നത് അധികവും സ്ത്രീകളാണെന്നത് വാസ്തവം.

സ്ത്രീയെ ലൈംഗീക ഉപകരണമായി മാത്രം കണ്ടാല്‍ മതിയെന്ന പുരുഷമേധാവിത്വ ചിന്തയ്ക്ക് വെള്ളവും വളവും നല്‍കാന്‍ പുത്തന്‍ മാധ്യമസംസ്കാരം അത്യധ്വാനം ചെയ്യുകയാണ്. എവിടെയും സ്ത്രീ, കണ്ണുകൊണ്ടും വാക്കുകൊണ്ടും ശരീരം കൊണ്ടും “സുഖം ചൂഴ്‌ന്നെടുക്ക”പ്പെടാനുള്ള വസ്തുവായി തരം താഴ്‌ത്തപെടുന്നു. പണം നല്‍കിയാല്‍ ഏതു സ്ത്രീശരീരവും “ലഭ്യ”മാണ് എന്ന പൊതുബോധ്യത്തിലേയ്ക്ക് ടി.വിയും സിനിമയും അവളെ വലിച്ചെറിഞ്ഞിരിയ്ക്കുന്നു. ജീര്‍ണത ബാധിച്ച നമ്മുടെ സമൂഹം  ഇതാണ് പഠിപ്പിയ്ക്കുന്നത്. അതിലെ അംഗമെന്ന നിലയില്‍ നാമോരോരുത്തരും ഇതിനു പലയളവില്‍ ഉത്തരവാദികളാണ്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും മെച്ചപ്പെട്ട വിഭാഗങ്ങളില്‍ സ്ത്രീകള്‍ പീഡനങ്ങളോട് പ്രതികരിയ്ക്കാന്‍ തയാറാകുന്നുണ്ട്. അതുകൊണ്ട് തന്നെ താഴെക്കിടയിലുള്ളവരെ അപേക്ഷിച്ച് അവര്‍ താരതമ്യേക ഭേദപ്പെട്ട അവസ്ഥയിലാണ്.  ഇന്ന് സ്ത്രീകളുടെ പ്രശ്നങ്ങളെ പറ്റി സമൂഹം കുറെയൊക്കെ ബോധ്യപ്പെട്ടിരിക്കുന്നു. ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. അവരുടെ അവകാശം സംരക്ഷിയ്ക്കാന്‍ വേണ്ട നിയമങ്ങള്‍ രൂപീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങള്‍ ഗ്രാമീണ സ്ത്രീകള്‍ക്ക് ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ഒന്നിച്ചിരിയ്ക്കുവാനും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുമുള്ള വേദിയൊരുക്കുന്നു. സ്ത്രീകള്‍ ക്രമേണ തങ്ങളുടെ അവകാശങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിയ്ക്കുന്നു.

എന്നാല്‍, ഇതിനു സമാന്തരമായി മറ്റൊരു ധാര രൂപപ്പെട്ടുവരുന്നു. സമൂഹത്തിലെ ഉപരിവര്‍ഗത്തില്‍ പെടുന്ന സ്ത്രീകളുടെ ഒരു ധാര. യാതൊരു സാമൂഹ്യബോധവുമില്ലാത്ത, സ്വയം ഉള്‍വലിഞ്ഞ കൂട്ടരാണിവര്‍. മക്കള്‍ക്കുവേണ്ടി യുവജനോത്സവങ്ങളില്‍ അടികൂടാനും, റീയാലിറ്റി ഷോകളില്‍ കണ്ണീര്‍വാര്‍ക്കാനും, പൊങ്കാലയിടാനും അവരുണ്ട്. പൊങ്ങച്ച ക്ലബ്ബുകളില്‍ ആടിപ്പാടാനും, ചാനലുകളില്‍ പുരുഷവിദ്വേഷം ചീറ്റാനും അവരുണ്ട്.  പെണ്‍കുട്ടികളെ - സ്വന്തം മകളെ വരെ - ചതിയില്‍ വീഴ്ത്താനും വ്യഭിചാരികള്‍ക്ക് കൂട്ടിക്കൊടുക്കാനും, അടിമപ്പണിയ്ക്ക് ബാലികമാരെ എത്തിച്ചു കൊടുക്കാനും അവരുണ്ട്. സ്ത്രീധനം പോരാത്തതിന് മരുമകളെ പീഡിപ്പിയ്ക്കാനും വേണ്ടിവന്നാല്‍ കൊലചെയ്യാനും അവരുണ്ട്.  ഇവരില്‍ പെട്ട ഒരുവളാണ്,  തന്റെ ഭര്‍ത്താവിനൊപ്പം കഴിഞ്ഞ ദിവസം ആ പിഞ്ചു തമിഴ്ബാലികയെ പീഡിപ്പിച്ചു കൊന്നത്. നിയമം അറിയാമായിരുന്നിട്ടും ഇതിനു കൂട്ടുനിന്ന അവന്റെ വര്‍ഗത്തില്‍ പെട്ട ഒരുവനാണ് ഞാനും എന്നതില്‍ ലജ്ജ തോന്നുന്നു.

സ്റ്റാറ്റസുയര്‍ന്നപ്പോല്‍ സ്വന്തം വീട്ടുജോലികള്‍ ചെയ്യുന്നത് അപമാനമായിക്കാണുന്ന “ആധുനിക”നാരിമാര്‍ക്ക് കുറഞ്ഞ കൂലിയ്ക്ക് അതു ചെയ്തു കിട്ടാനുള്ള എളുപ്പവഴിയാണ്, ദരിദ്രരായ ബാലികമാരെ വിലകൊടുത്തു മേടിയ്ക്കല്‍. മര്യാദയ്ക്കു ഭക്ഷണം പോലും നല്‍കാതെ ഈ മക്കളെ അടിമവേലയെടുപ്പിയ്ക്കുന്ന ഇവളുമാരെ എന്തു പേരിട്ടാണ് വിളിയ്ക്കേണ്ടത്? ഈ കുഞ്ഞുങ്ങളെ വേലയ്ക്കു വയ്ക്കുക വഴി ലാഭിയ്ക്കുന്ന കാശിന്റെ എത്രയോ മടങ്ങാണ് കൊളസ്ട്രോളിനും ഷുഗറിനും പ്രഷറിനും ചികിത്സിക്കാന്‍ ഇവര്‍ മാറ്റിവയ്ക്കുന്നത് !!! ആലുവയിലെ വാര്‍ത്തയില്‍, ആ കുട്ടിയെ വില്‍ക്കാന്‍ ഇടനിലക്കാരിയായി നിന്ന ഒരു സ്ത്രീയെക്കൂടി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അവരും “ഉന്നതകുല”ജാത തന്നെ !! കെട്ടിയോന്‍ ഗള്‍ഫില്‍. അതുപോരാഞ്ഞിട്ട് അവളുടെ സൈഡ് ബിസിനസ്, അടിമക്കച്ചവടം..!

ഇവിടെ പോലീസും കാക്കത്തൊള്ളായിരം പത്രങ്ങളും ചാനലുകളും ഒളികാമറ വിദഗ്ദന്മാരും ഇന്‍‌വെസ്റ്റിഗേറ്റീവ്-സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളും, വനിതാസംഘടനകളും, അല്ലാത്ത സംഘടനകളും ഉണ്ടായിട്ട് ഇത്തരമൊരേര്‍പ്പാട് ഇതു വരെ അറിഞ്ഞിട്ടില്ല എന്നത് അത്ഭുതകരമാണ്.

സ്വന്തം അവകാശങ്ങളെക്കുറിച്ച് അവബോധമുള്ള, പ്രതികരണശേഷിയുള്ള,  സ്ത്രീയ്ക്ക് വിമോചനം വേണ്ടത് പുരുഷനില്‍ നിന്നല്ല മറിച്ച് സാമൂഹ്യ അസമത്വങ്ങളില്‍ നിന്നാണെന്ന് തിരിച്ചറിയുന്ന, സ്ത്രീയും പുരുഷനും പരസ്പരം സ്നേഹത്താല്‍ അടിമയാകുമ്പോഴാണ് അവര്‍ സ്ത്രീയും പുരുഷനുമാകുന്നതെന്ന് തിരിച്ചറിയുന്ന, യഥാര്‍ത്ഥ സ്ത്രീകളെയാണ് നമുക്കാവശ്യം. അതിനായി സ്ത്രീയോടൊപ്പം നില്‍ക്കാന്‍ എല്ലാ പുരുഷന്മാര്‍ക്കും ബാധ്യതയുണ്ട്.

11 comments:

കൂതറHashimܓ said...

പെണ്ണായതിന്റെ പേരില്‍ ഒരാളേയും വേദനിപ്പിക്കില്ലെന്ന് ഞാന്‍ സത്യം ചെയ്യുന്നു.

mini//മിനി said...

ഈ ക്രൂരതക്കെതിരെ പ്രതികരിക്കാം,
എന്നാൽ സ്ത്രീകളെ പ്രതികരിക്കാനാവാത്ത വെറും ഉപകരണങ്ങളാകി മാറ്റി ച്ത്രീകരിക്കുന്ന മാധ്യമങ്ങളെ പ്രത്യേകിച്ച് ടീവി സീരിയലിനെയും സിനിമയെയും നമുക്കെന്ത് ചെയ്യാനാവും?

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വ്യവസ്ഥിതി മാറേണ്ടതുണ്ട് . അതിനു മുന്‍പ്‌ മനസ്സുകളും !

രാമൊഴി said...

..the issue you started off with is relevant in the present scenario..but i felt towards the end (last 4 paragraphs) the article stands biased against women and not the crime..i think here the crime was done by a couple - both the man and woman is equally guilty..again the agents involved comprise not just women but also men...then why only women are blamed? you give only a passing reference of the man's involvement..i dont think there is any gender aspect to it in the lack of social consciousness..

i feel my response is out of place because the issue here is a gross human right violation against a child and many more such children in different parts of the state..but i had to write this because there is a general tendency among people to project the crime of the woman more than the man even when the gravity of the committed crime is equally shared..

ബെഞ്ചാലി said...
This comment has been removed by the author.
ബെഞ്ചാലി said...

സഹോദരാ.. ക്രൂരകൃത്യം ചെയ്യുന്നതിൽ ആൺ പെൺ വ്യത്യാസമില്ല. നമുക്ക് വേണ്ടത് നല്ല സമൂഹത്തെ വാർത്തെടുക്കാൻ വേണ്ട ധാർമ്മിക ബോധമാണ്.

റോസാപൂക്കള്‍ said...

വിദ്യാഭ്യാസം ഉണ്ടായിട്ടോന്നും ഒരു കാര്യമില്ല എന്ന് തെളിയിക്കുന്ന പ്രവൃത്തിയാണ് നാമിവിടെ കണ്ടത്‌.
ഇതിനൊരു മാറ്റം വരുതാനായുള്ള ശ്രമങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് തന്നെ തുടങ്ങണം.കുടുംബങ്ങളാണല്ലോ സമൂഹത്തിന്റെ പതിപ്പുകള്‍.
അദ്രതയുള്ള ഒരു തലമുറ ഉണ്ടാകണമെങ്കില്‍ മാതാപിതാകളില്‍ നിന്നും മക്കള്‍ അത് കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

ബിജുകുമാര്‍ alakode said...

@ കൂതറHashim : തീര്‍ച്ചയായും, യഥാര്‍ത്ഥ പുരുഷന് ഒരു സ്ത്രീയെ വേദനിപ്പിയ്ക്കാനാവില്ല എന്നാണ് എന്റെയും വിശ്വാസം.
@ mini//മിനി : സീരിയലും സിനിമയും സാധാരണ സ്ത്രീകളുടെ ജീവിതത്തിലെ വലിയ ഘടകങ്ങളല്ല. കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതി അത്ര പെട്ടെന്നൊന്നും നമുക്കാര്‍ക്കും മാറ്റിമറിയ്ക്കാനാവില്ല. ഭൂമിയില്‍ കെട്ടിയ കോട്ടയാണെങ്കില്‍ നമുക്ക് ഇടിച്ച്പൊളിയ്ക്കാം. എന്നാല്‍ മനസ്സുകളില്‍ കെട്ടിയ കോട്ടയോ? ക്രമമായ ബോധവല്‍ക്കരണം മാത്രമേ പരിഹാരമുള്ളു.
@ ഇസ്മായില്‍ കുറുമ്പടി (തണല്‍): ശരിയാണ്.
@ രാമൊഴി : ദയവായി മനസ്സിലാക്കുക, ഇത് സ്ത്രീകള്‍ക്കെതിരെയുള്ള പോസ്റ്റല്ല. എന്നാല്‍ സ്ത്രീകളിലെ ഒരു ചെറിയ വിഭാഗത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അതിനുള്ള കാരണം, “ഫെമിനിസ്റ്റ്” എന്ന പേരില്‍ നടക്കുന്ന ചില സ്ത്രീകള്‍ ചില വിഷയങ്ങളോട് സ്വീകരിയ്ക്കുന്ന സമീപനവും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രതികരണവുമാണ്. “സൌമ്യ”യുടെ ദുരന്തം ഉണ്ടായപ്പോള്‍ ഗൂഗിള്‍ ബസിലും ഫേസ്ബുക്കിലും ചില “ഫെമിനിസ്റ്റു”കള്‍ നടത്തിയ പ്രതികരണങ്ങള്‍ ശ്രദ്ധേയമാണ്.
1)കേരളത്തിലെ പുരുഷന്മാരാകെ കാമജ്വരം പിടിപെട്ട് സ്ത്രീകളെ തേടി നടക്കുകയാണ്. അവര്‍ക്കു വേണ്ടി റെയില്‍‌വേ സ്റ്റേഷനുകളീല്‍ അരപ്പൊക്കത്തില്‍ പി.വി.സി. പൈപ്പുകള്‍ പിടിപ്പിയ്ക്കുക.
2) നാട്ടിലാകെ ബൂത്തുകളുണ്ടാക്കി സ്ത്രീയുടെ വലുപ്പത്തില്‍ റബര്‍ ബൊമ്മകള്‍ ഉണ്ടാക്കി വെയ്ക്കുക.
എന്താണ് ഇത്തരം പ്രതികരണങ്ങളുടെ ലക്ഷ്യം? പുരുഷന്മാരെല്ലാം സ്ത്രീകളുടെ ശത്രുക്കളെന്നോ? അവരാണ് സമൂഹത്തില്‍ സ്ത്രീ-പുരുഷ വിവേചനം ഉണ്ടാക്കുന്നത്. കുടുംബങ്ങളില്‍ ഛിദ്രമുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നതും അവരാണ്. ഒരു സ്ത്രീയ്ക്കെതിരെ പീഡനം നടക്കുമ്പോള്‍ പുരുഷന്മാരെ അടച്ചാക്ഷേപിയ്ക്കുന്നതിന്റെ യുക്തിയെന്താണ്?
ഈ കേസില്‍ നമുക്കറിയാം സ്ത്രീയും പുരുഷനും തുല്യകുറ്റവാളികളാണ്. എന്നുമാത്രമല്ല, കുറ്റത്തിന് സ്ത്രീപുരുഷവ്യത്യാസമില്ല. കുറ്റവാളിയും ഇരയുമേ ഉള്ളൂ. ഈ ബോധം വരാത്ത ചില “സ്ത്രീ”കളോടാണ് ഞാന്‍ ഇക്കാര്യത്തിലെ സ്ത്രീപങ്കാളിത്തം ചൂണ്ടിക്കാണിച്ചത്.
തെറ്റിദ്ധാരണ മാറുമെന്നു കരുതുന്നു.
@ ബെഞ്ചാലി: മുകളിലെ മറുപടി താങ്കള്‍ക്കും കൂടിയാണ്.
@ റോസാപൂക്കള്‍ :തീര്‍ച്ചയായും. ഒപ്പം മാതാപിതാക്കള്‍ക്ക് ഈ ബോധം ലഭിയ്ക്കേണ്ടത് പൊതുസമൂഹത്തില്‍ നിന്നാണ്. ഈ കേസില്‍ പോലും ഈ സ്ത്രീയും പുരുഷനും മത-ദൈവ വിശ്വാസികളാവാം. ആ വിശ്വാസങ്ങളില്‍ നിന്നൊന്നും അവര്‍ക്കു മൂല്യബോധം ലഭിച്ചിട്ടില്ലെങ്കില്‍, വിശ്വാസി സമൂഹവും ഒരു പുനര്‍ചിന്തനത്തിന് തയ്യാറാകേണ്ടതുണ്ടെന്നു തോന്നുന്നു.

എല്ലാവര്‍ക്കും നന്ദി.

രാമൊഴി said...

i think you didn't get my point..i just pointed out that you deviated from the core issue towards the end..u started with the issue of child slavery but ended up reprimanding women alone for the crime..which i think don't go along with the issue here...
the case of soumya and this is entirely different..i think the women who responded like that in soumya's case committed the same error of deviating from the core problem and its discussion.

Pranavam Ravikumar a.k.a. Kochuravi said...

വളരെ പ്രസക്തമായ പോസ്റ്റ്‌. നാം ഇനിയും മാറേണ്ടിയിരിക്കുന്നു.. ആശംസകള്‍

ബിജുകുമാര്‍ alakode said...

@ രാമൊഴി: ദയവായി, താങ്കള്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ ഞാന്‍ പ്രതികരിയ്ക്കണമെന്ന് വാശിപിടിയ്ക്കരുത്. ഈ വിഷയത്തില്‍ എനിയ്ക്കെന്റേതായ വീക്ഷണമുണ്ട്. അതു ഞാന്‍ വ്യക്തമാക്കി. താങ്കള്‍ക്ക് യോജിയ്ക്കാം, വിയോജിയ്ക്കാം. പ്രതികരിച്ചതിനു നന്ദി...:-)))